ചിറ്റൂർ: പഠിക്കാൻ മിടുക്കിയായ കാവ്യ ഒാൺലൈൻ സൗകര്യമില്ലാതെ വിഷമത്തിലാണ്. എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂണ്ണ എ പ്ലസ് നേടിയ കാവ്യ പിന്നോക്ക പ്രദേശമായ എരുത്തേമ്പതിയിലെ ശ്രീവിദ്യാ ഹൈസ്‌കൂളിലായിരുന്നു പത്താംതരം വരെ പഠിച്ചത്. ഇപ്പോൾ ചിറ്റൂർ വിക്ടോറിയ ജി.ജി.എച്ച്.എസ്.എസിൽ പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിയാണ്. സഹോദരൻ അഭിഷേക് ചിറ്റൂർ ജെ.ടി.എസിൽ പഠിക്കുന്നു.
കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ കോളനിയിൽ ഷീറ്റ് മേഞ്ഞ കുഞ്ഞുവീട്ടിലാണ് താമസം. അച്ഛൻ കുമാരനും അമ്മ പ്രസീതയും കൂലിപ്പണി ചെയ്താണ് കുടുംബം കഴിയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ സർക്കാർ ഓൺലൈൻ പഠനം ഏർപ്പെടുത്തിയതോടെ ഇവർ ഏറെ മാനസിക സമർദ്ദത്തിലാണ്.
ഓൺലൈൻ പഠനത്തിനാവശ്യമായ ലാപ്പ്‌ടോപ്പോ സ്മാർട്ട് ഫോണോ സ്വന്തമായില്ല. ഒരു സാധാരണ ഫോൺ മാത്രമാണ് കൈവശമുള്ളത്. പഴയ ഒരു ടി.വി ഉണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഓർക്കാപ്പുറത്തുണ്ടാക്കുന്ന വൈദ്യുതി മുടക്കം വില്ലനാകുന്നു. നിത്യേന ആഹാരത്തിനുള്ള വക കണ്ടെത്താൻ തന്നെ പെടാപാടുപെടുന്ന കുടുംബം ഒരു സ്മാർട്ട് ഫോൺ സ്വന്തമായി വാങ്ങാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.
അതുകൊണ്ട് ഓരോ ദിവസം കഴിയും തോറും ഓൺലൈൻ പഠനത്തിൽ പൂർണ്ണമായി പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിലാണെന്ന് കാവ്യ പറഞ്ഞു. പഠിക്കാൻ മിടുക്കരാണെങ്കിലും ഇവരുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനാകാതെ മാനസിക സമർദ്ദത്തിലാണ് തങ്ങളെന്ന് അമ്മ പ്രസീതയും അച്ഛൻ കുമാരനും പറയുന്നു.