klnkde-story
മുതലമട ചെമ്മണാംപതി അണ്ണാനഗർ മാമരത്ത് കോളനിയിലെ ശ്രീവള്ളിയും മൂന്ന് പെൺമക്കളും വാടക വീട്ടിൽ

കൊല്ലങ്കോട്: ഏതൊരു അമ്മയുടെയും മനസിന്റെ ആധി പ്രായപൂർത്തിയായ പെൺമക്കൾക്ക് മതിയായ സംരക്ഷണം നൽകുന്നതിലാണ്. തലചായ്ക്കാൻ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെ കഴിയുമ്പോൾ ആ ആധി ഇരട്ടിയാകും. മുതലമട ചെമ്മണാംപതി അണ്ണാനഗർ മാമരത്ത് കോളനിയിലെ കുംടുംബനാഥയായ ശ്രീവള്ളി അനുഭവിക്കുന്നത് ഇത്തരമൊരു ദുരിതമാണ്.

രഞ്ജിനി പ്രിയ (18), ജീവപ്രിയ (16), ജയശ്രീ (14) എന്നീ മൂന്ന് പെൺമക്കളുമായി വാടകപോലും നൽകാനാവാതെ ഒരു വീട്ടിൽ കഴിയുകയാണ് ശ്രീവള്ളി. കുടുംബ വഴക്കിനെ തുടർന്ന് മൂന്നുവർഷം മുമ്പ് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ടതാണിവരെ. ശ്രീവള്ളി കൂലിവേല ചെയ്താണ് കുടുംബം പുലർത്തുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് കൂലിപ്പണിയും നാമമാത്രമായി.

മൂത്ത മകൾ രജ്ഞിനി പ്രിയ ജന്മനാ ഇടുപ്പിന് താഴെ ചലന ശേഷിയില്ലാതെ കിടപ്പിലാണ്. പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും പരസഹായം വേണം. അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ എട്ടാംതരത്തിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന ജീവപ്രിയയാണ് സഹോദരിയെ ശുശ്രൂഷിക്കുന്നത്. മുതലമട ഹൈസ്കൂളിൽ ഒമ്പതാംതരം വിദ്യാർത്ഥിനിയാണ് ജയശ്രീ. വീട്ടിൽ ടി.വി.യോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുന്നോട്ട് കൊണ്ടുപോകാനും ഇവർക്ക് കഴിയുന്നില്ല.

ഇതിനിടെ ലഭിച്ച മുൻഗണനേതര റേഷൻ കാർഡും ഇവർക്ക് സഹായം നിഷേധിക്കുന്നു. പ്രായമായ അമ്മയ്ക്കും പ്രായപൂർത്തിയായ മൂന്ന് പെൺകുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ ഒരു കൊച്ചുവീട് സ്വപ്നം കണ്ട് ദിനരാത്രങ്ങൾ തള്ളിനീക്കുകയാണ് ഈ കുടുംബം.