malampuzha
മലമ്പുഴ

പാലക്കാട്: കാലവർഷം കനക്കുന്നു, അടുത്ത നാലുദിവസത്തേക്ക് വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെ മഴ ലഭിച്ചേക്കും. പാലക്കാട് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കാലവർഷം ജൂൺ ആദ്യം തന്നെ ആരംഭിച്ചെങ്കിലും പാലക്കാട് ഇതുവരെ കാര്യമായി മഴ ലഭിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ രണ്ടുദിവസങ്ങളിൽ സ്ഥിതി മാറി. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ കാര്യമായി മഴ ലഭിച്ചിരുന്നു. 12.5 എം.എം മഴയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഇന്നലെ അത് 23 ആയി ഉയർന്നു.

മഴ ശക്തമായതോടെ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് മലമ്പുഴയിൽ 103.07 മീറ്റർ ജലമാണുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം 101.41 മീറ്റർ വെള്ളമേ ഉണ്ടായിരുന്നുള്ളു. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി. 108.204മീ ശേഷിയുള്ള പോത്തുണ്ടിയിൽ 93.57 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. കഴിഞ്ഞ വർഷം അത് 92.43 മീ. ആയിരുന്നു. മീങ്കരയിൽ 153.44 മീ. ചുള്ളിയാറിൽ 142.7 മീ. ജലമുണ്ട്. വാളയാറിൽ 196.22 മീ. കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ശേഷി 203 മീറ്ററാണ്. കാഞ്ഞിരപ്പുഴയിൽ 80.1മീ.,​ മംഗലം ഡാമിൽ 69.1 മീ. ജലനിരപ്പുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് കൂടുതലാണെങ്കിലും ഇപ്പോൾ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.

ജാഗ്രത വേണം

ജൂൺ 16 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.