ചിറ്റൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്തത് കിഴക്കൻ അതിർത്തി ഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, പെരുമാട്ടി പഞ്ചായത്തുകളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇപ്പോഴും പഠന സൗകര്യമൊരുക്കാനായിട്ടില്ല.
പൊതു വിദ്യാഭ്യാസത്തിന്റെ ചുവടുപിടിച്ചാണ് പിന്നാക്ക മേഖലയിലെ ആയിരകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്നത്. മിക്കവരും പട്ടികവർഗ്ഗ- പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരും. പുറമ്പോക്കുകളിലും നാലുസെന്റ് കോളനികളിലും വർഷങ്ങളായി താമസിക്കുന്നവരാണ് ഭൂരിഭാഗവും. കൂലി പണിയെടുത്ത് കഷ്ടിച്ച് ഉപജീവനം നടത്തിവരുന്നവ ഇവരുടെ രക്ഷിതാക്കൾക്ക് കൊവിഡ് കാലം അപ്രതീക്ഷിത തിരിച്ചടിയായി. മിക്കവീടുകളും അർദ്ധ പട്ടിണിയിലാണ്. ഇതിന് പുറമേയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള നെട്ടോട്ടം. ടി.വിയോ സ്മാർട്ട് ഫോണോ ഉള്ളവർ ഇത്തരം കോളനികളിൽ വിരളമാണ്. പഴയ ഓർഡിനറി ഫോണിന് വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാനാട്ടിൽ സൗജന്യമായി വിതരണം ചെയ്ത കലൈഞ്ജർ ടി.വി 500 രൂപയ്ക്ക് വാങ്ങിയുമാണ് പലരും ഉപയോഗിക്കുന്നത്. അതിൽ തന്നെ മിക്കതും ഉപയോഗ ശൂന്യമാണ്. പലരും അടുത്ത വീടുകളിലാണ് ചില നേരമെങ്കിലും ടി.വി.കാണുന്നത്. ടിവി.യും സ്മാർട്ട് ഫോണും ഇല്ലാത്ത വിവരം അദ്ധ്യാപകരെ ധരിപ്പിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
ടിവി.യും സ്മാർട്ട് ഫോണും ഇല്ലാത്തവരുടെ കണക്കെടുപ്പ് എടുത്ത് ബദൽ മാർഗം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും അതിർത്തി ഗ്രാമങ്ങളിൽ ഇപ്പോഴും സൗകര്യമൊന്നും ലഭ്യമായിട്ടില്ല. അടിയന്തരമായി ഈ മേഖലയിലെ വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.