പാലക്കാട്: കൊവിഡ് കാലത്തും പെട്രോളിയം ഉല്പന്നങ്ങളുടെ വില കുതിച്ചുയരുന്നത് ഓട്ടോ തൊഴിലാളികളുടെ നടുവൊടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.78 രൂപയും കൂടി. നിലവിൽ പെട്രോൾ ലിറ്ററിന് 75.32 രൂപയും ഡീസലിന് 69.58 രൂപയുമാണ്.
ഘട്ടംഘട്ടമായി ലോക്ക് ഡൗൺ ഇളവനുവദിച്ചതോടെ നഗരത്തിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ ഓഫീസുകൾ പൂർവ സ്ഥിതിയിൽ പ്രവർത്തനമാരംഭിച്ചതും തിരക്ക് കൂടാൻ കാരണമായി. പക്ഷേ, കൊവിഡ് വ്യാപനഭീഷണി നിലനിൽക്കുന്നതിനാൽ നല്ലൊരു വിഭാഗം ആളുകളും സ്വന്തം വാഹനത്തിലാണ് സഞ്ചരിക്കുന്നത്. ചുരുക്കം ചിലരാണ് ഓട്ടോകളും മറ്റ് ടാക്സികളും ആശ്രയിക്കുന്നത്. ട്രെയിൻ- ബസ് തുടങ്ങിയ പൊതുഗതാഗതം സാധാരണമാകാത്തതിനാൽ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ബസ് സ്റ്റാന്റുകളിൽ നിന്നുമുള്ള ഓട്ടവും കുറവാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു.
ഭാര്യയും നാല് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. മക്കളെല്ലാവരും പഠിക്കുകയാണ്. ഓട്ടോ ഓടി കിട്ടുന്നത് വച്ചാണ് കുടുംബം കഴിയുന്നത്. രാവിലെ ഏഴരയോടെ തുടങ്ങുന്ന ഓട്ടം രാത്രി ഒമ്പതിന് അവസാനിപ്പിച്ചാൽ ചെലവ് കഴിഞ്ഞ് മിച്ചമാകുന്നത് 200 രൂപ. ഇതാണ് രണ്ടാഴ്ചത്തെ അവസ്ഥ. സവാരി കുറവാണ്. ഇതിനിടെ ഇന്ധന വില കൂടി കൂട്ടിയാൽ പ്രതീക്ഷകൾ അസ്തമിക്കും.
-ചന്ദ്രൻ, ഓട്ടോ ഡ്രൈവർ.
ദിവസവും ഓടിക്കിട്ടുന്നത് കൊണ്ട് വയസായ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. എവിടേക്ക് എപ്പോൾ ഓട്ടം വിളിച്ചാലും പോകാൻ റെഡിയാണ്. പക്ഷേ യാത്രക്കാർ വളരെ കുറവാണ്. റെയിൽവേ സ്റ്റേഷനിൽ ഓടിയിരുന്നതാണ്. ഇപ്പോൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരെ കയറ്റാറുണ്ട്. പെട്രോളിയം വില വർദ്ധന ഈ ദുരിതകാലത്തെങ്കിലും ഒഴിവായെങ്കിൽ എന്ന് ആശിക്കുന്നു.
-പ്രകാശൻ, ഓട്ടോ ഡ്രൈവർ.