ഒറ്റപ്പാലം: തെരുവുനായ കുറുകെ ചാടിയുണ്ടായ വാഹനാപകടത്തിൽ വ്യാപാരി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനൊരുങ്ങി നഗരസഭ. നഷ്ടപരിഹാരം നൽകണമെന്ന സർക്കാരിന്റെയും നഗരകാര്യ ഡയറക്ടറുടെയും നിർദേശത്തെ തുടർന്നാണ് നഗരസഭ തുക നൽകുന്നത്.
2011 ഫെബ്രുവരി ആറിന് പാലപ്പുറം എൻ.എസ്.എസ് കോളേജിന് സമീപമുണ്ടായ അപകടത്തിൽ വസ്ത്ര വ്യാപാരിയായ ഈസ്റ്റ് ഒറ്റപ്പാലം കുന്നത്ത് സെയ്തലവിയാണ് മരിച്ചത്. അപകടത്തിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് ഇൻഷൂറൻസ് കമ്പനി അറിയിച്ചതോടെ സെയ്തലവിയുടെ ഭാര്യയും മുൻ കൗൺസിലറുമായ ഫാത്തിമ, സിരിജഗൻ കമ്മിറ്റിയെ സമീപിച്ചു. തെരുവുനായ്ക്കൾ മൂലമുണ്ടാകുന്ന അപകടവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ സുപ്രീംകോടതിയാണ് സിരിജഗൻ കമ്മിറ്റിയെ നിയോഗിച്ചത്.
തുടർന്ന് കുടുംബത്തിന് 18.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മിറ്റി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ നഗരസഭ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടി പൂർത്തിയായിരിക്കേയാണ് തുക നൽകുകയാണ് ഉചിതമെന്ന നിർദേശം വന്നത്. വിഷയം അടുത്ത കൗൺസിലിൽ അവതരിപ്പിച്ച് തീരുമാനമെടുക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ എൻ.എം.നാരായണൻ നമ്പൂതിരി അറിയിച്ചു.