ആലത്തൂർ: വണ്ടാഴി കടാങ്കോടിലെ എം സാൻഡ് യൂണിറ്റിലേക്ക് രാത്രിയും പകലുമില്ലാതെ വരുന്ന ടോറസ് ലോറികളുടെ മരണപ്പാച്ചിൽ നാട്ടുകാർക്ക് അപകടക്കെണിയാവുന്നു. അമിത ഭാരം കയറ്റി വീതി കുറഞ്ഞ റോഡിലൂടെ തലങ്ങും വിലങ്ങും ചീറിപ്പായുന്ന ലോറികൾ ഭീതി സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം അമിത ഭാരം കയറ്റിയ ലോറി സൈഡ് കൊടുക്കുന്നതിനിടെ അഴുക്കുചാലിൽ താഴുകയും റോഡരികിൽ നിന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. എം സാൻഡ് യൂണിറ്റിന് പഞ്ചായത്ത് ലൈസൻസോ മറ്റ് രേഖകളോ ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളും സ്ഥാപന ഉടമകളും തമ്മിൽ ഇടയ്ക്കിടെ സംഘർഷം പതിവാണ്.
തഹസിൽദാരുടെ നിർദ്ദേശ പ്രകാരം അഗ്നിശമന സേന നടത്തിയ പരിശോധനയെ തുടർന്ന് പള്ളിക്കാട്- അമ്പാഴക്കാട് റോഡിലൂടെ ഇത്തരം വാഹനങ്ങൾ ഓടിക്കാനുള്ള വീതിയില്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അധികൃതരെ പരാതി അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.