പാലക്കാട്: ഇടവിട്ടുള്ള സെർവർ തകരാറിനെ തുടർന്ന് ഒ.ടി.പി ലഭിക്കാതെ റേഷൻ വിതരണം മന്ദഗതിയിൽ. കടമ്പഴിപ്പുറത്ത് റേഷൻ വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ മാസം മുതൽ ബയോമെട്രിക് ഒഴിവാക്കി ഒ.ടി.പി വഴി റേഷൻ വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്.
ഇതോടെ റേഷൻ കാർഡ് ഉടമയുടെ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ വഴി ഒ.ടി.പി നമ്പർ അയച്ചാണ് റേഷൻ വിതരണം. ഇടവിട്ടുള്ള സെർവർ തകരാർ മൂലം ഒ.ടി.പി നമ്പർ ഫോണിൽ ലഭ്യമാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പല റേഷൻ കടകളിലും എത്തിയ ഉപഭോക്താക്കൾ നിരാശരായി മടങ്ങി. കൂടാതെ രജിസ്‌ട്രേഡ് മൊബൈൽ നമ്പർ മാറ്റിയവരും നിലവിലെ ഫോൺ പ്രവർത്തിക്കാത്തവരും ഒ.ടി.പി നമ്പർ ലഭിക്കാതെ പ്രതിസന്ധിയിലാണ്. ഇവർക്ക് മാനുവൽ രീതിയിൽ രജിസ്റ്റർ തയാറാക്കി റേഷൻ നൽകാനാണ് നിർദേശം. എന്നാൽ കടകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ സ്റ്റോക്കിൽ വ്യത്യാസം കണ്ടെത്തിയാൽ പിഴ അടയ്‌ക്കേണ്ടി വരുമെന്നതിനാൽ മാനുവൽ വിതരണത്തിന് വ്യാപാരികൾ തയ്യാറല്ല.
മാറ്റം അറിയുന്നില്ല
സാധാരണ രീതിയിലാണ് വിതരണം എന്നു കരുതി മൊബൈൽ എടുക്കാതെയാണ് റേഷൻ കടയിൽ പോയത്. പക്ഷേ പുതിയ രീതിയിലാണ് വിതരണമെന്നും മൊബൈലുമായി വൈകിട്ട് വരണമെന്നും റേഷൻ വ്യാപാരി പറഞ്ഞു. ഇതേ തുടർന്ന് തിരിച്ചു വീട്ടിലെത്തി വൈകിട്ട് മൊബൈലുമായി ചെന്നാണ് റേഷൻ വാങ്ങിയത്.
-കല്യാണി, കുനിശേരി.
ഒ.ടി.പി കിട്ടുന്നില്ല
ഫോൺ നമ്പർ മാറിയതും മൊബൈൽ ഫോൺ കേടായത് മൂലവും വരുന്നവരിൽ വരുന്നവരിൽ 50% പേർക്കും ഒ.ടി.പി ലഭിക്കുന്നില്ല. സ്ഥിരമായി വാങ്ങുന്നവർക്ക് മാനുവൽ രീതിയിൽ നൽകുന്നുണ്ട്. സെർവർ തകരാർ മൂലവും കഴിഞ്ഞ ദിവസങ്ങളിൽ പലർക്കും ഒ.ടി.പി നമ്പർ ലഭിക്കാത്ത പ്രശ്നമുണ്ടായി.
-രമേഷ്, റേഷൻ വ്യാപാരി, മാനാംകുളമ്പ്.
മാനുവൽ രീതിയുമാകാം
സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒ.ടി.പി നമ്പർ ലഭിക്കാത്ത ഉപഭോക്താക്കൾക്ക് മാനുവൽ രീതിയിൽ നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉപഭോക്താക്കൾ മടങ്ങി പോകേണ്ടി വന്നത് സെർവർ തകരാറിനെ തുടർന്നാണ്. സംസ്ഥാനത്താകെ സെർവർ തകരാറിലാണ്.
-കെ.അജിത്ത് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ.