പാലക്കാട്: കൊറോണക്ക് പിന്നാലെ എണ്ണവിലയും പിടിതരാതെ മകളിലേക്ക് ഉയരുന്നമ്പോൾ സ്വകാര്യ ബസ് ജീവനക്കാരുടെ ജീവിതമാണ് ബ്രേക്ക് ഡൗണാകുന്നത്. തുടർച്ചയായി ഒമ്പതാംദിവസവും ഇന്ധനവിലയിൽ വർദ്ധനവുണ്ടായി. പെട്രോളിന് 46 പൈസയും ഡീസലിന് 59 പൈസയുമാണ് ഇന്നലെ വർദ്ധിച്ചത്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുമാസത്തോളം നിരത്തിലിറങ്ങാതിരുന്ന സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രതിദിനം 350രൂപയുടെ ആശ്വാസമാണ് സ്വകാര്യ ബസുകൾക്ക് ഇതുവഴി ലഭിച്ചത്. എന്നാൽ,കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ തുക എണ്ണക്കമ്പനികൾ വിലവർദ്ധനവിലൂടെ കൈക്കലാക്കി. പ്രതിദിനം ശരാശരി 70 ലിറ്റർ ഡീസലാണ് ജില്ലയിലെ സ്വകാര്യ ബസുകൾ അടിക്കുന്നത്. 4970 രൂപ ഇന്ധനം നിറയ്ക്കാൻ തന്നെ വേണം. നിലവിൽ യാത്രക്കാർ കുറവായതും സർക്കാർ മാനദണ്ഡം പാലിച്ച് സർവീസ് നടത്തുന്നതിനാലും വലിയ നഷ്ടമാണ് ബസുടമകൾ നേരിടുന്നത്.
ലോക്ക് ഡൗണിന് മുമ്പ് ശരാശരി 7000 - 8000 വരെ പ്രതിദിന കളക്ഷൻ ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 2700 മുതൽ 3000 രൂപയായി കുറഞ്ഞു. ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് ജില്ലയിൽ പലയിടത്തായി നിരവധി ബസുകൾ സർവീസ് നടത്തിയെങ്കിലും ഇപ്പോഴത് പകുതിയായികുറഞ്ഞു. വെള്ളിയാഴ്ച ജില്ലയിലാകെ 50 ൽ താഴെ ബസുകളാണ് സർവീസ് നടത്തിയത്. ഇന്നലെ അത് 25 ൽ താഴെയായെന്ന് സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ തുടർന്ന് ഡീസൽ ചെലവ് കഴിഞ്ഞ് മിച്ചം വരുന്ന തുക ഡ്രൈവറും കണ്ടക്ടറും ക്ലീനറും തുല്യമായി വീതിച്ചെടുക്കും. ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകാൻ പോലും കഴിയുന്നില്ലെന്ന് ബസുടമകൾ പറയുന്നു.
ജീവനക്കാരുടെ ശമ്പളം
കണ്ടക്ടർ - 960 രൂപ
ഡ്രൈവർ -1050 രൂപ
ക്ലീനർ - 600 മുതൽ 700 രൂപ വരെ
വെള്ളിയാഴ്ച സർവീസ് നടത്തിത് 50 ബസുകൾ
ഒരു ലിറ്റർ ഡീസൽ വില 71 രൂപ
ഒരു ലിറ്ററിന് 3.5 കിലോ മീറ്റർ ഓടും
70 ലിറ്റർ അടിച്ചാൽ 250 കിലോ മീറ്റർ ഓടും
ഡീസലിന് മാത്രം 5000 രൂപയോളം വേണം