പാലക്കാട്: സംസ്ഥാനത്ത് ഓൺലൈൻ പഠനം അതിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ സ്മാർട്ട് ഫോണുകൾക്ക് ആവശ്യക്കാർ കൂടി. ഇതുവരെ വിറ്റുപോകാതിരുന്ന ബ്രാന്റുകൾ പോലും രണ്ടാഴ്ചയ്ക്കുള്ളിൽ വില്പന നടന്നു. ടാബുകൾക്കും ആവശ്യക്കാരേറെയാണെന്ന് കടയുടമകൾ പറയുന്നു.
പല കടകളിലും ഫോണുകളുടെ സ്റ്റേക്ക്കുറവാണ്. ലോക്ക് ഡൗൺ സമയത്ത് വിറ്റുപോകാത്തവയാണ് നിലവിൽ വില്പന നടത്തുന്നത്. 10,000 രൂപയ്ക്കു താഴെയുള്ള ഫോണുകൾക്കാണ് കൂടുതൽ ഡിമാന്റ്. ഇതോടൊപ്പം സെക്കൻഡ് ഹാൻഡ് സ്മാർട്ട് ഫോണുകൾക്കും ആവശ്യക്കാർ ഏറെയാണെന്ന് കടയുടമകൾ പറഞ്ഞു. ഇത്തരം ഫോണുകൾക്ക് 4000 മുതൽ 6000 രൂപയാണ് വില. എല്ലാ ബ്രാന്റുകളും വിറ്റു പോകുന്നുണ്ടെങ്കിലും വിവോ ഫോണുകളാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്.
ലോക്ക് ഡൗൺ മൂലം കമ്പനികൾ നിർമ്മാണം നിർത്തിയിരുന്നു. ചരക്കുനീക്കം പുനരാരംഭിച്ചെങ്കിലും സംഭരണ കേന്ദ്രങ്ങളിലെ സ്‌റ്റോക്ക് തീർന്നതോടെ ആവശ്യത്തിന് സാധനം കിട്ടാത്ത അവസ്ഥയാണ്. ലോക്ക് ഡൗണിന് മുമ്പ് ഒരുദിവസം ശരാശരി 400- 450 ഫോണുകൾ വില്പന നടത്തിയിരുന്നു. ഇപ്പോഴത് ഇരട്ടിയായി. കട ഉടമകൾ ആവശ്യപ്പെടുന്ന എണ്ണം കൊടുക്കാൻ സാധനം കിട്ടാനില്ല. എറണാകുളത്ത് നിന്നാണ് ഫോണുകൾ കൊണ്ടുവരുന്നത്. അടുത്ത ആഴ്ചയോടെ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷ.
രാജു, മൊബൈൽ മൊത്തവിതരണക്കാരൻ, പാലക്കാട്.