ചെർപ്പുളശ്ശേരി: രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട സാമൂഹ്യാരോഗ്യ കേന്ദ്രം തുറക്കണമെന്നാവശ്യം ശക്തമാകുന്നു. ജൂൺ 9നാണ് ആശുപത്രിയിലെ വനിതാ ജീവനക്കാരായ ഒരു ക്ലാർക്കിനും ക്ലീനിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഡി.എം.ഒയുടെ നിർദ്ദേശപ്രകാരമാണ് ആശുപത്രി താൽക്കാലികമായി അടച്ചിട്ടത്.
രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് സ്റ്റാഫുകളുമെല്ലാം നിലവിൽ ക്വാറന്റൈനിലാണ്. ആശുപത്രിയിൽ കഴിഞ്ഞദിവസം അണുനശീകരണവും നടത്തിയിരുന്നു. ചെർപ്പുളശ്ശേരി നഗരസഭ, സമീപ പഞ്ചായത്തുകളായ നെല്ലായ, ചളവറ, വെള്ളിനേഴി, തൃക്കടീരി എന്നിവിടങ്ങളിൽ നിന്നുള്ള സാധാരണക്കാരും ആളുകൾ ചികിത്സക്കായി ഈ സാമൂഹ്യാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായാണ് ആശുപത്രി അടച്ചിട്ടിരിക്കുന്നതെങ്കിലും ബദൽ സംവിധാനമൊരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പോസ്റ്റ്‌മോർട്ടം ഉൾപ്പടെ നടക്കുന്ന ആശുപത്രികൂടിയാണ് ഇത്.
അണുനശീകരണം ഉൾപ്പടെ പൂർത്തിയായ സാഹചര്യത്തിൽ ആശുപത്രി ഉടൻ ജനങ്ങൾക്ക് തുറന്ന് കൊടുത്ത് ചികിത്സ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ സർക്കാർ ഉടൻ തയ്യാറാകണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി വിനോദ് കുമാർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.സുബീഷ്, മണ്ഡലം പ്രസിഡന്റ് ടി.കെ ഷൻഫി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.മനോജ്, മണ്ഡലം സെക്രട്ടറിമാരായാ പി.സുഭാഷ്, എം.ആഷിക് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.