padam
പറിച്ചു നടാൻ പാകംതെറ്റി നിൽക്കുക്കുന്ന ഞാറ്റടി,​ മൂച്ചിക്കുന്ന് പാടശേഖരത്തിലെ കാഴ്ച

ചിറ്റൂർ: സമയത്തിനു കനാൽ വെള്ളം ലഭിക്കാത്തതിനാൽ കൃഷിയിറക്കാൻ സാധിക്കാതെ നെൽകർഷർ പ്രതിസന്ധിയിൽ. ചിറ്റൂർപ്പുഴ ജലസേചന പദ്ധതി തേമ്പാർമട ബ്രാഞ്ച് കനാലുകളെ ആശ്രയിച്ചുള്ള പാടശേഖരങ്ങളിലാണ് വെള്ളം ലഭ്യമാകാത്തത്. നല്ലേപ്പിള്ളി കനാലിന്റെ പരിധിയിൽ വരുന്ന ചക്കാം കുളമ്പ്, കമ്പംപടി, മൂച്ചിക്കുന്ന്, മേപ്പള്ളം, അണ്ണാംതോട്, കലയാം കുളമ്പ്, വാകപ്പാടം, പൂയംകളം എന്നീ പാടശേഖരങ്ങളിലെ നെൽപ്പാടങ്ങളിലാണ് കൃഷിയിറക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്.

ഞാറ്റടികൾ പലതും ഒരു മാസത്തിലേറെ പാകം തെറ്റി നിൽക്കുകയാണ്. 120 - 130 ദിവസം മൂപ്പുള്ള വിത്തിനങ്ങളാണ് കർഷകർ പാകിയിട്ടുള്ളത്. ഇപ്പോഴത്തെ അവസ്ഥയിൽ ഞാറ് രണ്ടുമാസം കൊണ്ട് കതിരാകും. സമയത്തിനു ഞാറ് പറിച്ച് ഞടാൻ കഴിയാതെ വന്നാൽ വിളവ് കുറയും എന്നതാണ് കർഷകരുടെ ആശങ്ക. കാഡ കനാലുകളുടെ നവീകരണ പ്രവർത്തികൾ വൈകിയതാണ് സമയത്തിന് വെള്ളം ലഭിക്കാത്തതിന് കാരണം. നവീകരണ പ്രവർത്തികളുടെ ടെണ്ടർ മാർച്ച് മാസത്തിൽ കഴിഞ്ഞതാണ്. കരാറുകാരുടെ അനാസ്ഥയാണ് പണികൾ മന്ദഗതിയിലാകാൻ കാരണം. സമയബന്ധതമായി പണി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുന്നതിൽ അധികൃതരും അലംഭാവം കാണിച്ചതായി ആരോപണമുണ്ട്.. നല്ലേപ്പിള്ളി കനാലിലും എല്ലാബ്രാഞ്ചുകനാലിലേക്കും വെള്ളം തുറന്നുവിടാനുള്ള അടിയന്തര നടപടി സ്വീകരിക്കമെന്ന് കർഷക സംഘം സെക്രട്ടറി വി.രാജൻ അധികൃതരോട് ആവശ്യപ്പെട്ടു.