പാലക്കാട്: കൊട്ടേക്കാട് മേഖലയിൽ താവളമടിച്ച കാട്ടാനകളിൽ ഒന്നിനെ കുങ്കിയാനകളെ ഉപയോഗിച്ച് കാടുകയറ്റി. മൂന്ന് ആനകളാണ് പ്രദേശത്ത് ഉണ്ടായിരുന്നതെങ്കിലും ഇന്നലെ ഒരു കൊമ്പനെയാണ് കാടുകയറ്റാനായത്. എളമ്പ്രക്കാട് ഭാഗത്ത് കണ്ട ആനയെ ഊരോലി വനത്തിലുടെ കുങ്കിയാനകൾ തുരത്തി റെയിൽവേ ട്രാക്കും റോഡും മുറിച്ചു കടത്തിയാണ് അയ്യപ്പൻമല കാട്ടിലേക്ക് കയറ്റിയത്.
ശേഷിക്കുന്ന രണ്ടാനകളിൽ ഒന്ന് കഴിഞ്ഞദിവസം രാത്രിതന്നെ കാടുകയറിയതായാണ് വനംവകുപ്പ് പറയുന്നത്. മറ്റൊന്ന് ഇൻസ്ട്രുമെന്റേഷൻ വളപ്പിൽ കയറിയതായും സംശയിക്കുന്നു. അത് അവിടെ നിന്നും പുറത്തുചാടാതെ കാട്ടിലേക്ക് തുരത്താൻ കഴിയില്ല. അതിനകത്തുകയറി തുരത്തിയാൽ ആന എവിടേക്ക് വേണമെങ്കിലും ഓടാം. പുഴയിലിറങ്ങാനും സാധ്യതയുണ്ട്. അങ്ങിനെവന്നാൽ കാടുകയറ്റാനാവില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ ആനയെകൂടി കാടുകയറ്റും വരെ കുങ്കിയാനകൾ പ്രദേശത്തുതന്നെ നിലയുറപ്പിക്കും. ആന കോച്ച് ഫാക്ടറി കോമ്പൗണ്ടിലേക്ക് കയറിയിലും കാടുകയറ്റുക ദുഷ്‌കരമാണ്. മുത്തങ്ങ അഗസ്റ്റ്യൻ, കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. മലമ്പുഴയിലെ കൊട്ടേക്കാട് സെക്ഷൻ ഓഫീസ് പരിസരത്താണ് ഇവയ്ക്ക് താവളമൊരുക്കിയിട്ടുള്ളത്.
ധ്രുത പ്രതികരണ സേന ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ബൈജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഫിറോസ്, ബാദുഷ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. സുധീഷ്‌കുമാർ, ശിവശങ്കർ, മനുസൂര്യപ്രഭ, പ്രസന്നകുമാർ, സുരേഷ്‌ഗോപി എന്നിവരും വാച്ചർമാരും കുങ്കിയാനകളുടെ പാപ്പാൻമാരും അടങ്ങുന്ന സംഘമാണ് ആനയെ കാടുകയറ്റിയത്.