case
ഗാർഹിക പീഡനം

കഴിഞ്ഞ 40 ദിവസത്തിനിടെ 62 പരാതി

പാലക്കാട്: ഗാർഹിക പീഡനം നിയന്ത്രിക്കാൻ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡൊമസ്റ്റിക് കോൺഫ്ലിക്ട് റെസലൂഷൻ സെന്റർ (ഡി.സി.ആർ.സി) കേന്ദ്രത്തിലേക്ക് കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ ലഭിച്ചത് 62 പരാതികൾ. മേയ് ഏഴിന് പരാതി സ്വീകരിച്ച് തുടങ്ങിയത് മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്.

ലോക്ക് ഡൗൺ കാലത്ത് സ്റ്റേഷനിലെത്തി പരാതി നൽകാൻ കഴിയാത്തവർക്ക് പൊലീസ് ടീമിന്റെ വാട്‌സ് ആപ്പ് നമ്പരിലോ ജില്ലാ വനിതാ സെല്ലിന്റെ ഇ-മെയിൽ വിലാസത്തിലോ കാര്യം ബോധിപ്പിക്കാം. ലഭിച്ച പരാതികളെല്ലാം പിങ്ക് പൊലീസ്, സ്റ്റേഷനുകളിലെ ഹെൽപ്പ് ഡെസ്‌ക് എന്നിവരുടെ നേതൃത്വത്തിൽ നേരിട്ടെത്തി പരിഹരിച്ചു. ഒമ്പതെണ്ണം അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഗാർഹിക പീഡനം വർദ്ധിച്ചതായി റിപ്പോർട്ട് വന്നതിനെ തുടർന്നാണ് പൊലീസ് പ്രത്യേക സംവിധാനം തുടങ്ങിയത്. കൂടാതെ ബോധവത്കരണ ക്ലാസ്, സ്വയം പ്രതിരോധം, നിയമ സഹായം, കൗൺസിലിംഗ് തുടങ്ങിയവയും ലഭ്യമാക്കുന്നുണ്ട്.

പരാതി നൽകാൻ
ഇ.മെയിൽ: ciwmncelpkd.pol@kerala.gov.in
മൊബൈൽ: 9497987161, 9497980650, 9497962931

പരാതി കൂടുതൽ
ലോക്ക് ഡൗണിന് മുമ്പുള്ള കണക്ക് പരിശോധിക്കുമ്പോൾ നിലവിൽ പരാതി കൂടുതലാണ്. ഗാർഹിക പീഡനം കുറയ്ക്കുക, ഇരകൾക്ക് എത്രയും വേഗത്തിൽ ആവശ്യമായ സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

-ഉമാദേവി, എസ്.ഐ, വനിതാ സെൽ, പാലക്കാട്.