camera
സി.സി.ടി.വി

മാർച്ച് 22 മുതൽ മേയ് 31 വരെ കുടുങ്ങിയത് 11,520 വാഹനങ്ങൾ

പാലക്കാട്: ലോക്ക് ഡൗൺ കാലത്തും ദേശീയ പാതയിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗതയ്ക്ക് ഒട്ടും കുറവില്ല. മാർച്ച് 22 മുതൽ മേയ് 31 വരെ വാളയാർ- വടക്കഞ്ചേരി ദേശീയ പാതയിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്പീഡ് കാമറയിൽ കുടുങ്ങിയത് 11520 വാഹനങ്ങൾ.

മാർച്ച് 22 മുതൽ 31 വരെ 4800, ഏപ്രിലിൽ- 3400, മേയ്- 3320 എന്നിങ്ങനെയാണ് കണക്ക്. വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയ പാതയിൽ ഇരുവശങ്ങളിലായി 39 സ്പീഡ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനങ്ങളാണ് ഇത്തരം ക്യാമറയിൽ കുടുങ്ങുക.

കുടുങ്ങുന്ന വാഹനങ്ങൾ 15 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. ലൈറ്റ് മോട്ടോർ വിഭാഗത്തിൽ പെടുന്നവ 1500 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 3000 രൂപയുമാണ് പിഴ. മോട്ടോർ വാഹന വകുപ്പിന്റെ കോഴിക്കോടുള്ള കൺട്രോൾ റൂമിലാണ് ക്യാമറ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഓരോ ക്യാമറയിലെ അമിത വേഗത്തിനും 1500 പ്രകാരം പിഴ ഇരട്ടിക്കും. ഓൺലൈൻ ആയാണ് പിഴ അടക്കേണ്ടത്.

കൂടുതലും തമിഴ്‌നാട് വാഹനങ്ങൾ

പ്രതിദിനം ശരാശരി 100 വാഹനങ്ങൾ കുടുങ്ങും. ലോക്ക് ഡൗൺ ആയതുകൊണ്ട് ക്യാമറയിൽ കുടുങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തിന് കുറവൊന്നുമില്ല. ദിനംപ്രതി ശരാശരി 100 മുതൽ 120 വാഹനങ്ങൾ വരെ കുടുങ്ങാറുണ്ട്. കുടുങ്ങുന്നവയിൽ 25 ശതമാനവും തമിഴ്‌നാട് വാഹനങ്ങളാണ്. ഈ വാഹനങ്ങൾക്കും പിഴ അടയ്ക്കാനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പിഴ അടയ്ക്കാത്ത എല്ലാ വാഹനങ്ങളെയും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

-ഷബീർ, ആർ.ടി.ഒ, കോഴിക്കോട്.