ചെർപ്പുളശേരി (പാലക്കാട്): ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ അമ്മ മരിച്ച വിവരം ആരെയും അറിയിക്കാതെ മൃതദേഹത്തിന് ഡോക്ടറായ മകൾ മൂന്നുദിവസം കാവലിരുന്നു. ചളവറ യു.പി.എസിലെ റിട്ട.അദ്ധ്യാപിക ചളവറ രാജ് ഭവനിൽ ഓമന (72) ഞായറാഴ്ചയാണ് മരിച്ചത്. അയൽവാസികളുമായി കുടുംബത്തിന് അടുപ്പമില്ലാത്തതിനാൽ മരണ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്നലെ കവിത തന്നെയാണ് അയൽവാസികളെ അറിയിച്ചത്. കടുത്ത പ്രമേഹ രോഗിയായ ഓമനയുടെ ഒരു കാൽ മുറിച്ചു മാറ്റിയിരുന്നു. ഹോമിയോ ഡോക്ടറായ മകൾ കവിതയും ഓമനയും മാത്രമായിരുന്നു ഇരുനില വീട്ടിൽ താമസം.
അമ്മ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്ന് കരുതി പ്രാർത്ഥനയോടെ കാത്തിരുന്നുവെന്നാണ് കവിത നാട്ടുകാരോട് പറഞ്ഞത്.
നാട്ടുകാർ പൊലീസിലും പഞ്ചായത്തിലും അറിയിച്ചു. വൈകിട്ട് മൂന്നോടെ പൊലീസെത്തി അഴുകിയ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മകൾ കവിത അവിവാഹിതയാണ്. ഓമനയും കുടുംബവും ആലപ്പുഴക്കാരാണെങ്കിലും ജോലി സംബന്ധമായി ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഓമനയുടെ ഭർത്താവ് ശ്രീധരൻ പിള്ള സർവീസിലിരിക്കേ ഇരുപത്തിരണ്ടു വർഷം മുമ്പ് മരിച്ചു.