ksrtc-stand
കെ.എസ്.ആർ.ടി.സി സ്റ്റാന്റ്

പാലക്കാട്: കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്ക് മഴ വന്നാൽ ചെളിവെള്ളത്തിൽ ഫ്രീയായി ഒരു കുളിയും പാസാക്കി പോകാമെന്ന അവസ്ഥയാണ്. കയറിനിൽക്കാൻ മതിയായ കാത്തിരിപ്പ് കേന്ദ്രമില്ല. ഉള്ളവ വൃത്തിഹീനവും സീറ്റുകൾ തകർന്നും കിടക്കുന്നു. രാവിലെയും വൈകിട്ടും സ്റ്റാന്റിൽ നല്ല തിരക്കാണ്. ഈ സമയത്ത് കുട ചൂടി തന്നെ ബസ് കാത്തുനിൽക്കണം. കൂടാതെ ചെറിയ ചാറ്റലിൽ പോലും സ്റ്റാന്റിനകത്തെ കുഴികൾ ചെളിക്കളമായി നടക്കാൻ പോലും പറ്റില്ല. പ്രായമായ യാത്രക്കാരാണ് കൂടുതൽ ദുരിതത്തിലാകുന്നത്.

നിലവിൽ സ്വകാര്യ ബസുകൾ പൂർണ്ണമായി സർവീസ് ആരംഭിക്കാത്തതിനാൽ യാത്രക്കാരുടെ ഏക ആശ്രയം കെ.എസ്.ആർ.ടി.സിയാണ്. പുതിയ സ്റ്റാന്റിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഈ അവസ്ഥ തുടരേണ്ടി വരുമോയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.

യാത്രക്കാർ സ്റ്റാന്റിൽ,​ ബസുകൾ ലിങ്ക് റോഡിൽ

സ്റ്റാന്റ് നവീകരണ പ്രവർത്തനം ആരംഭിച്ചത് മുതൽ സ്ഥല പരിമിതി വലിയ പ്രശ്നമാണ്. പഴയ അന്തർ സംസ്ഥാന ടെർമിനലാണ് ബസ് സ്റ്റേഷനായി പ്രവർത്തിക്കുന്നത്. ഇവിടെ പത്ത് ബസ് നിറുത്തിയാൽ പിന്നി സൂചി കുത്താനിടമുണ്ടാകില്ല. ഇതോടെ മറ്റ് ഡിപ്പോകളിൽ നിന്ന് വരുന്നതും സർവീസ് തുടരുന്നതുമടക്കം ഭൂരിഭാഗം ബസുകളും ലിങ്ക് റോഡിലാണ് പാർക്ക് ചെയ്യുക.

ബസുകൾ സ്റ്റാന്റിലേക്ക് വരുമെന്ന പ്രതീക്ഷയിൽ പലരും ഏറെ നേരം കാത്തുനിന്ന് റോഡിലേക്കിറങ്ങി നോക്കുമ്പോഴായിരിക്കും ബസ് കാണുക. അപ്പോഴേക്കും യാത്രക്കാർ നിറഞ്ഞ് പലർക്കും ബസ് നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഒന്നോ രണ്ടോ സർവീസ് മാത്രമുള്ള പ്രദേശങ്ങളിലെ യാത്രക്കാരെ ഇത് കഷ്ടത്തിലാക്കുന്നു. സ്റ്റാന്റിൽ സ്ഥലമുണ്ടെങ്കിൽ പോലും ബസുകൾ കയറാറില്ല. കൂടാതെ റോഡിൽ നിറുത്തിയിടുന്ന ബസിൽ കയറാൻ യാത്രക്കാർ റോഡ് മുറിച്ചുകടന്ന് പോകുന്നതും വലിയ അപകട ഭീഷണിയാണ്.

സൗകര്യം ഒരുക്കണം

മഴയായാലും വെയിലായാലും കയറി നിൽക്കാൻ മതിയായ താത്കാലിക കാത്തിരിപ്പ് കേന്ദ്രം അത്യാവശ്യമാണ്. ബസ് ലിങ്ക് റോഡിൽ നിറുത്തുന്നത് മൂലം സ്റ്റാന്റിൽ നിൽക്കുന്ന യാത്രക്കാർ ഏറെ അലയേണ്ട അവസ്ഥയാണ്. സ്റ്റാന്റിൽ വരികയും പോകുകയും ചെയ്യുന്ന ബസുകൾക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് തന്നെ ഏറെ സാഹസികമാണ്.

-പി.പത്മജ, യാത്രിക, നെന്മാറ.

പരിഹാരം കാണും

സ്ഥല പരിമിതി ഒരു പ്രശ്നമാണ്. സർവീസ് ആരംഭിക്കുന്ന ബസുകൾ സ്റ്റാന്റിൽ നിന്ന് തന്നെ പുറപ്പെടാൻ നിർദേശം നൽകും. പുറപ്പെടുന്നതിന് പത്തുമിനിറ്റ് മുമ്പ് മാത്രം ബസ് സ്റ്റാന്റിൽ പ്രവേശിക്കുകയും സമയത്തിന് പുറപ്പെടുകയും ചെയ്യുന്ന തരത്തിൽ സംവിധാനമൊരുക്കും. അപ്പോൾ ബുദ്ധിമുട്ട് ഒഴിവാകും. താത്കാലിക കാത്തിരിപ്പ് കേന്ദ്രത്തിന്റെ കാര്യത്തിലും ഉടൻ പരിഹാരം കാണും.

-ടി.എ.ഉബൈദ്, ഡി.ടി.ഒ, പാലക്കാട്.