covid
കൊവിഡ്

രോഗമുക്തർ 24; ചികിത്സയിൽ 120 പേർ

പാലക്കാട്: ജില്ലയിൽ ഒന്നും മൂന്നും വയസുള്ള ആൺകുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 24 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 120 ആയി കുറഞ്ഞു.

റഷ്യയിൽ നിന്നെത്തിയ പുതുശേരി പാമ്പംപള്ളം സ്വദേശിയാണ് (39,​ പുരുഷൻ) കളമശേരിയിൽ ചികിത്സയിലുള്ളത്. യു.എ.ഇ.യിൽ നിന്നെത്തിയ കൊപ്പം കീഴ്മുറി സ്വദേശി (23,​ സ്ത്രീ), ഇവരുടെ മൂന്ന് വയസുള്ള മകൻ,​ റിയാദിൽ നിന്നെത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേർ (ഒന്നും ആറും വയസുള്ള രണ്ട് ആൺകുട്ടികൾ, 25 വയസുള്ള ഗർഭിണി) എന്നിവർക്കാണ് രോഗബാധ.

പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.

ഒരാൾ അറസ്റ്റിൽ
കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദേശം പാലിക്കാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആറുകേസുകൾ രജിസ്റ്റർ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തു. കണ്ടയ്ൻമെന്റ് സോണുകളിൽ സമയ പരിധി കഴിഞ്ഞും കടകൾ പ്രവർത്തിച്ചതിനും നിരീക്ഷണ കാലാവധി പൂർത്തിയാകും മുമ്പ് പുറത്തിറങ്ങിയതിനുമാണ് കേസ്. നിർദേശം പാലിക്കാതെ സമര പരിപാടികളിൽ പങ്കെടുത്ത 73 പേർക്കെതിരെയും മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 50 പേർക്കെതിരെയും കേസെടുത്തു.