elephent
കുങ്കിയാനകൾ

പാലക്കാട്: ആറങ്ങോട്ടുകുളമ്പിൽ ഇറങ്ങിയ കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ കാടുകയറ്റി. ഇന്നലെ രാവിലെ 11.30ന് ഊരോലിയിൽ നിന്നോടിച്ച രണ്ട് കൊമ്പന്മാരെ പന്നിമടയിൽ റെയിൽവേ ട്രാക്കും മുറിച്ചുകടത്തി അയ്യപ്പൻ മലയ്ക്കപ്പുറത്തേക്ക് കയറ്റി വിട്ടു.

കുങ്കിയാനകളും വനം വകുപ്പ് ജീവനക്കാരും ഒന്നിച്ചാണ് അവസാനത്തെ ആനകളെ കാടുകയറ്റിയത്. എളമ്പ്രക്കാട് നിന്ന് വാച്ചർമാരും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും അടങ്ങുന്ന സംഘം പടക്കം പൊട്ടിച്ച് ഓടിച്ച ആനയെ ഊരോലിയിൽ നിലയുറപ്പിച്ചിരുന്ന കുങ്കികൾക്കടത്തേക്കെത്തിച്ചാണ് കാടുകയറ്റിയത്.
മൂന്നുദിവസത്തെ പരിശ്രമത്തിലൊടുവിലാണ് ആനകളെ ഓടിച്ചത്. കോടനാട് നീലകണ്ഠൻ, കോന്നി സരേന്ദ്രൻ, അഗസ്ത്യൻ എന്നീ കുങ്കിയാനകളാണ് കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെട്ടത്.

ഇന്നുമുതൽ അരുകുടി, കൊട്ടേക്കാട്, എളമ്പ്രക്കാട്, ആറങ്ങോട്ടുകുളമ്പ്, ഊരോലി, പന്നിമട, തേക്ക് പ്ലാന്റേഷൻ എന്നിവിടങ്ങളിൽ കുങ്കിയാനകളുൾപ്പെടെ വനം വകുപ്പ് സംഘം പട്രോളിംഗ് നടത്തും. കാടുകയറിയ ആനകൾ തിരികെയിറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ രാത്രി പ്രത്യേക നിരീക്ഷണവുമുണ്ടാവും.