dog
തെരുവ് നായ്ക്കൾ

പാലക്കാട്: കൊവിഡ് രോഗവ്യാപനം നിലനിൽക്കുമ്പോഴും നഗരത്തിലെ റോഡോരങ്ങളിൽ മാലിന്യം കുമിയുന്നതിന് ഒട്ടും കുറവില്ല. മാലിന്യം നീക്കം ചെയ്യാത്ത ഇടങ്ങളിലെല്ലാം തെരുവ് നായകളുടെ ശല്യം വ്യാപകമാണ്. നായകളുടെ വിളയാട്ടം ഇരുചക്ര വാഹന- കാൽനട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വനിതാശിശു ആശുപത്രി റോഡ്, മാതാകോവിൽ റോഡ്, പട്ടിക്കര ബൈപാസ്, കൽമണ്ഡപം ബൈപാസ്, ഒലവക്കോട് തുടങ്ങി പല ഭാഗത്തും നായകൾ ജനജീവിതത്തിന് ഭീഷണിയാണ്.

ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് നഗരത്തിലെ മാലിന്യം നീക്കം ആരംഭിച്ചിട്ടുണ്ടെങ്കിലും തൊഴിലാളി ക്ഷാമം മൂലം പ്രവർത്തനം മന്ദഗതിയിലാണ്. ലോക്ക് ഡൗണിന് മുമ്പ് വീടുകളിലും കടകളിലും കുന്നുകൂടിയ മാലിന്യമടക്കം ദിനംപ്രതി ആളുകൾ പൊതുസ്ഥലത്ത് തള്ളുന്നത് മൂലമാണ് നായ്ക്കളുടെ വിളയാട്ടം കൂടിയത്. ഭക്ഷ്യമാലിന്യം തിന്നാൻ കൂട്ടത്തോടെയാണ് ഇവയെത്തുന്നത്. നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നത് അപകട ഭീഷണി ഉയർത്തുന്നു. മാലിന്യം തിന്നുന്നതിന് പുറമെ റോഡിലേക്ക് വലിച്ചിടുന്നതും പതിവാണ്.

മാസ്കിട്ടാൽ ദുർഗന്ധത്തിന് ശമനം

ഇടവിട്ട് മഴ പെയ്യുന്നതിനാൽ മാലിന്യം അഴുകി ദുർഗന്ധനം വമിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. നിലവിൽ ആളുകളെല്ലാം മാസ്‌ക് ധരിക്കുന്നതിനാൽ ഇത്തരം ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ ദുർഗന്ധത്തിൽ നിന്ന് അല്പം ശമനം ലഭിക്കുന്നുണ്ടെന്ന് വഴി യാത്രക്കാരുടെ പക്ഷം. പക്ഷേ പകർച്ച വ്യാദ്ധി എപ്പോൾ വേണമെങ്കിലും പിടിപെടാം. മാലിന്യം പൂർണ്ണമായി നീക്കം ചെയ്താൽ മാത്രമേ ഇതിൽ നിന്നെല്ലാം രക്ഷയുള്ളൂ.

പാതിവഴിയിലെ എ.ബി.സി

തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നടക്കുന്ന വന്ധ്യംകരണം ലോക്ക് ഡൗണിൽ നിലച്ചത് നായകളുടെ എണ്ണം പെരുകാൻ കാരണമായി. സംസ്ഥാനത്ത് ഘട്ടംഘട്ടമായി തെരുവ് നായകളുടെ എണ്ണം കുറയ്ക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നല്ല രീതിയിൽ നടക്കുന്നത് ജില്ലയിലാണ്. എന്നാൽ ലോക്ക് ഡൗൺ നിലച്ച പ്രവർത്തനം പുനരാരംഭിക്കുന്നതേയുള്ളൂ. ഇത് സാധാരണ രീതിയിലായാൽ നായകളുടെ എണ്ണത്തിൽ കുറവുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.