പാലക്കാട്: മെഡിക്കൽ കോളേജിനെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിന്റെ ആദ്യഘട്ടമായി ഒ.പി ആരംഭിച്ചു. ശൗചാലയങ്ങൾ കൂടി പൂർത്തിയാകുന്നതോടെ രണ്ടുദിവസത്തിനുള്ളിൽ കിടത്തി ചികിത്സയും തുടങ്ങും. നിലവിൽ രണ്ടു ഷിഫ്റ്റുകളിലായി 12 മണിക്കൂറാണ് ഒ.പി പ്രവർത്തനം. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയും രണ്ടുമുതൽ രാത്രി എട്ടുവരെയുമാണ് ഷിഫ്റ്റ്.
ഇതിനായി ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴിയാണ് നിയമിക്കുന്നത്. ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരും തിരിച്ചെത്തി. കൊവിഡ് ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതും സ്രവം എടുക്കുന്നതും ഇനി മുതൽ മെഡിക്കൽ കോളജിലാകും. നിരീക്ഷണത്തിൽ പ്രവേശിപ്പിക്കേണ്ടവരെ മാങ്ങോടുള്ള കേരള മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. ഗുരുതര സ്ഥിതിയിലുള്ള രോഗികൾ ജില്ലാശുപത്രിയിൽ തുടരും. 100 പേരെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് നിലവിൽ മെഡിക്കൽ കോളജിൽ സജ്ജമാക്കിയത്. ആവശ്യമെങ്കിൽ വർദ്ധിപ്പിക്കും.
ലാബും ഉടൻ തുടങ്ങും
സ്രവപരിശോധനയ്ക്കുള്ള ആർ.ടി.പി.സി.ആർ ലാബ് തയ്യാറാക്കി കഴിഞ്ഞു. ഇതിന്റെ അംഗീകാരത്തിന് ഐ.സി.എം.ആറിന് ഉടൻ അപേക്ഷ നൽകും. ഈ മാസം തന്നെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അംഗീകാരം ലഭിച്ചാൽ ജില്ലയിലെ മുഴുവൻ കൊവിഡ് പരിശോധനയും ഇവിടേക്ക് മാറ്റും.
ഒരുദിവസം 200 സാമ്പിൾ വരെ പരിശോധിക്കാനുള്ള സൗകര്യമുണ്ടാകും. ഇതോടെ ഇപ്പോഴുള്ള കാലതാമസം ഒഴിവാക്കാം.
താമസിയാതെ കൊവിഡ് വാർഡ് കൂടി തുടങ്ങും. പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ 24 മണിക്കൂറും ആശുപത്രി കൊവിഡ് രോഗികൾക്കായി കർമ്മനിരതമാകും.
-ഡോ.എം.എസ്.പത്മനാഭൻ,
ഡയറക്ടർ, ഗവ.മെഡിക്കൽ കോളേജ്