milk
പാലക്കാട് നഗരത്തിലെ വിപണി കേന്ദ്രീകരിച്ച് ക്വാളിറ്റി കൺട്രോൾ ഓഫീസർ ബ്രിൻസി മാണിയുടെ നേതൃത്വത്തിൽ നടക്കുന്ന മൊബൈൽ ലാബ് പരിശോധന.

ദിനംപ്രതി സംസ്ഥാനത്തേക്ക് വരുന്നത് 20 വാഹനങ്ങൾ മാത്രം

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്ന പാൽ വാഹനങ്ങൾ പകുതിയായി. നേരത്തെ ദിനംപ്രതി 40-45 വാഹനങ്ങൾ വന്നിടത്ത് നിലവിൽ 20-25 എണ്ണമേ അതിർത്തി കടക്കുന്നുള്ളൂ. ഇതോടെ 3.10 ലക്ഷം ലിറ്ററിൽ നിന്ന് രണ്ടുലക്ഷമായി പാലിന്റെ വരവ് കുറഞ്ഞു.

തമിഴ്‌നാടിന് പുറമേ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പാൽ വരുന്നത്. ഇവിടങ്ങളിൽ കൊവിഡ് വ്യാപനം കൂടിയതോടെയാണ് പാലിന്റെ ഒഴുക്ക് നിലച്ചത്. ബേക്കറി, ചായക്കടകൾ എന്നിവിടങ്ങളിലേക്കാണ് നിലവിൽ പാലെത്തുന്നത്. ലോക്ക് ഡൗൺ ഇളവിന് ശേഷവും ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ചായ, കാപ്പി, പാൽ കൊണ്ടുള്ള മറ്റു പാനീയങ്ങൾ എന്നിവയുടെ വില്പന കുറവാണെന്നതിനാൽ പാൽ ക്ഷാമം കാര്യമായി ജില്ലയെ ബാധിച്ചിട്ടില്ല. ഉപഭോക്താക്കളിൽ അധികവും മിൽമ സൊസൈറ്റികളെയാണ് ആശ്രയിക്കുന്നത്.

വിപണി കേന്ദ്രീകരിച്ചും പരിശോധന

ചെക്ക് പോസ്റ്റുകളിലെ പാൽ പരിശോധനയ്ക്ക് പുറമെ ക്ഷീര വകുപ്പ് വിപണികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ചും പരിശോധന ആരംഭിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് ജൂൺ ഒന്നുമുതൽ ഫീൽഡ് തലത്തിലുള്ള മൊബൈൽ ലാബ് ആരംഭിച്ചത്. ബേക്കറി, ചായക്കട, ഹോട്ടൽ എന്നിവിടങ്ങളിൽ നേരിട്ടെത്തി പരിശോധിക്കുന്നതിനാൽ കടയുടമകൾക്ക് അപ്പോൾ തന്നെ പാലിന്റെ ഗുണമേന്മ അറിയാം.

സിവിൽ സ്റ്റേഷനിലെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബും പരിശോധനയ്ക്ക് സജ്ജമാണ്. നിലവിൽ സ്ഥിരം പാൽ പരിശോധന കേന്ദ്രം മീനാക്ഷിപുരം ചെക്ക്‌ പോസ്റ്റിൽ മാത്രമാണുള്ളത്. മറ്റ് ചെക്ക് പോസ്റ്റുകളിലൂടെ ഗുണനിലവാരമില്ലാത്ത പാലെത്തുന്നത് മൊബൈൽ ലാബ് പരിശോധനയിലൂടെ തടയാം.

പരിശോധന തുടരും
മുൻകരുതലിന്റെ ഭാഗമായാണ് വിപണികളിൽ നിന്ന് നേരിട്ട് പാൽ സാമ്പിൾ ശേഖരിക്കുന്നത്. ഇതുവരെ ഗുണമേന്മയിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന തുടരും. ഈ വർഷം ചെക്ക് പോസ്റ്റുകളിലെ പരിശോധനയിൽ ഇതുവരെ മൂന്ന് വാഹനങ്ങളിൽ നിന്നായി ഗുണമേന്മയില്ലാത്ത 684ഉം മായം ചേർത്ത 8568ഉം ലിറ്റർ പാൽ പിടികൂടി.

-ബ്രിൻസി മാണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ, ജില്ലാ ക്ഷീരവികസന വകുപ്പ്.