covid
.

പാലക്കാട്: കൊവിഡ് സമൂഹ വ്യാപന സാദ്ധ്യത കണക്കിലെടുത്തുള്ള സജ്ജീകരണങ്ങൾ ജില്ലയിൽ ഒരുക്കിയതായി മന്ത്രി എ.കെ.ബാലൻ. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായി കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ നാല് നിലകൾ അടങ്ങിയ കെട്ടിടത്തിൽ 400 ബെഡ് ഉൾപ്പെടെയുള്ള പശ്ചാത്തല സംവിധാനം ഒരുക്കി. രോഗികളുടെ എണ്ണം വർദ്ധിച്ചാൽ 1000 ബെഡ് ഉൾപ്പെടെയുള്ള സൗകര്യം സാദ്ധ്യമാണ്. ജില്ലയിലേക്ക് പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തുടർച്ചയായി എത്തുന്നതിനാൽ കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനായി മാങ്ങോട് കേരള മെഡിക്കൽ കോളേജ്, പാലക്കാട് ഗവ.മെഡിക്കൽ കോളേജ്, കഞ്ചിക്കോട് കിൻഫ്ര പാർക്ക് തുടങ്ങിയവ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഉപയോഗിക്കും.

പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ഗവ.മെഡിക്കൽ കോളേജിലെത്തിയ തൊണ്ണൂറോളം പേരുടെ സ്രവം പരിശോധനയ്‌ക്കെടുത്തു. കൂടുതൽ പോസിറ്റീവ് കേസുണ്ടായാൽ മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സാ സംവിധാനം സജ്ജമാക്കുന്നത് വരെ ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കൽ കോളജിലും ചികിത്സ നൽകും.

സമൂഹ വ്യാപനം പരിശോധിക്കാൻ അഞ്ച് വിഭാഗങ്ങളിലായി 950 പേരിൽ ആന്റിബോഡി പരിശോധന നടത്തി. പോസ്റ്റുമോർട്ടം, മറ്റ് അടിയന്തര സാഹചര്യങ്ങളിൽ പരിശോധന നടത്താൻ ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററിൽ ട്രൂനാറ്റ് മെഷ്യൻ ടെസ്റ്റ് നടന്നുവരുന്നുണ്ട്. നിലവിൽ ജില്ലയിൽ നിന്നുയച്ച 489 സാമ്പിളുകളുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. കൊവിഡ് പരിശോധന ത്വരിതപ്പെടുത്തുന്നതിന് ഗവ.മെഡിക്കൽ കോളേജിൽ ലാബ് സജ്ജമാക്കിയതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രോഗവ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊവിഡ് ടെസ്റ്റ് നടത്തി പ്രവാസികളെ കൊണ്ടുവരണമെന്ന് സർക്കാർ പറയുന്നത്. പ്രവാസികൾ നിൽക്കുന്ന രാജ്യത്ത് ടെസ്റ്റിന് സൗകര്യമില്ലെങ്കിൽ ആവശ്യമായ സഹായം സർക്കാർ നൽകും. രോഗവ്യാപനം തടയുന്നതിനാണ് ഇത്തരം നടപടി. കൊവിഡ് പോസിറ്റീവായ വ്യക്തി നെഗറ്റീവായവരുടെ കൂടെ യാത്ര ചെയ്താൽ രോഗവ്യാപന സാദ്ധ്യത ഇരട്ടിയാണ്. ഇത് സമൂഹ വ്യാപനത്തിന് കാരണമാകും.

കൂടുതൽ നിയമനം നടത്തും

കൊവിഡിന്റെ പശ്ചാത്തലത്തിൽ നാഷണൽ ഹെൽത്ത് മിഷൻ മുഖേന ആരോഗ്യ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ സർക്കാർ ഉത്തരവായി. 25 ഡോക്ടർ, 30 നഴ്സ്, 120 വീതം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ എന്നിവരെ നിയോഗിക്കും. ഇതിൽ ഏഴ് ഡോക്ടർമാർ, 19 നഴ്സുമാർ, 44 ജെ.എച്ച്.ഐ.മാർ, ഏഴ് ജെ.പി.എച്ച്.എൻ ചുമതല ഏറ്റെടുത്തു. ബാക്കിയുള്ളവരെ യുദ്ധകാലാടിസ്ഥാനത്തിൽ നിയമിക്കും.

ഗവ.മെഡിക്കൽ കൊളേജ് കൊവിഡ് ആശുപത്രിയായ സാഹചര്യത്തിൽ മൈക്രോ ബയോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി എന്നിവയ്ക്കായി ജീവനക്കാരെ നിയമിക്കാനും നടപടി എടുത്തു. പ്രവർത്തനം ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജഗദീഷ് ചുമതല ഏറ്റെടുത്തു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഒരു ദിവസം ഒരു രോഗിയുടെ ആവശ്യത്തിനായി 150 രൂപ നൽകും.

സുരക്ഷാ ഉപകരണങ്ങൾ സജ്ജം

കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ കണക്കിലെടുത്ത് സമഗ്രമായ സുരക്ഷാ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 15​332 എൻ95 മാസ്‌കുകൾ, 17492 പി.പി.ഇ കിറ്റുകൾ, 88720 ത്രീ ലെയർ മാസ്‌കുകൾ എന്നിവ വിവിധ ആശുപത്രികളിൽ ലഭ്യമാണ്. കൂടാതെ ആവശ്യത്തിന് മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കി.

പ്രോട്ടോകോൾ പാലിക്കണം

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മൃതദേഹങ്ങൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കണം. അസ്വാഭാവിക മരണത്തിന് പോസ്റ്റുമോർട്ടം നടത്തിയാണ് മൃതദേഹമെത്തിക്കുക. എന്നാൽ, സ്വാഭാവിക മരണത്തിന് അത് സാദ്ധ്യമല്ല. അതിനാൽ രോഗബാധയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളോടെ മൃതദേഹം പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാൻ ബന്ധുക്കൾ ശ്രദ്ധ പുലർത്തുകയും ഉദ്യോഗസ്ഥരുടെ നിർദേശങ്ങളോട് സഹകരിക്കുകയും വേണം.

കർശന നടപടി

ഹോം ക്വാറന്റൈൻ സംവിധാനം കൃത്യമായി പാലിച്ചില്ലെങ്കിൽ കർക്കശമായ നിയമ നടപടി സ്വീകരിക്കും. വീട്ടുകാരും മാനദണ്ഡം കൃത്യമായി പാലിക്കണം. ഇത് ലംഘിച്ചാൽ ദുരന്ത നിവാരണ ആക്ട് പ്രകാരം നടപടിയെടുക്കും. ലോക്ക് ഡൗൺ ഇളവ് നൽകിയതിനാൽ രോഗത്തെ ലാഘവത്തോടെ കാണുന്നവരുണ്ട്. ലോക് ഡൗൺ ഏറെക്കാലം പ്രായോഗികമല്ല. രോഗത്തെ പ്രതിരോധിച്ച് മുൻകരുതലെടുത്ത് മുന്നോട്ട് പോവുകയാണ് ഏക മാർഗം. സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി 72 സ്‌ക്വാഡുകൾ ജില്ലയിൽ പരിശോധന നടത്തും.

മെഡി.കോളജിലെ കൊവിഡ് വാർഡ് ഈയാഴ്ച മുതൽ

ഗവ.മെഡിക്കൽ കോളജിൽ കൊവിഡ് വാർഡ് ഈയാഴ്ച തുടങ്ങും. മെയിൻ ബ്ലോക്കിലെ പരീക്ഷാ ഹാളിൽ 100 കിടക്കകളുള്ള വാർഡാണ് സജ്ജമാക്കിയത്. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചാണ് ചികിത്സ നൽകുക. ബ്ലോക്കിൽ ഒരുക്കുന്ന പ്രീഫാബ്രിക്കേറ്റഡ് ശുചിമുറികളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇത് പൂർത്തിയായാലുടൻ ജില്ലാശുപത്രിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളെ ഇവിടേക്ക് മാറ്റും. ഗുരുതരാവസ്ഥയിലുള്ളവർ ജില്ലാശുപത്രിയിൽ തുടരും.
ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ രണ്ടായി തിരിച്ചാണ് ജോലിയിൽ വ്യന്യസിക്കുക. ഏഴുദിവസം ജോലി,​ തുടർന്ന് ഏഴുദിവസം നിരീക്ഷണം എന്നിങ്ങനെ ഏർപ്പെടുത്തും. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തന്നെയാണ് നിരീക്ഷണത്തിൽ കഴിയുക. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജിൽ കൊവിഡ് ഒ.പി ആരംഭിച്ചത്. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിലുളള രോഗലക്ഷണങ്ങളുള്ളവരും നിരീക്ഷണത്തിലുള്ളവരുമാണ് ഒ.പിയിൽ പരിശോധനയ്ക്ക് എത്തുന്നത്. പ്രതിദിനം ശരാശരി നാല്പതിലേറെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളജ് ഡയറക്ടർ ഡോ.എം.എസ്.പത്മനാഭൻ പറഞ്ഞു.