statue
മേലാർകോട് ഗ്രാമപറമ്പ് സ്വദേശി രാജൻ നിർമ്മിച്ച ശിൽപ്പവുമായി

നെന്മാറ: മനസിലുള്ള രൂപവും നിറവും... പിന്നെ കുറച്ച് സിമന്റും കമ്പിയും കിട്ടിയാൽ മതി മേലാർകോട് ഗ്രാമപറമ്പ് സ്വദേശി രാജന്റെ കരസ്പർശത്തിൽ ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ ഇതൾ വിരിയും.

ചെറുപ്പത്തിൽ കളിമൺ രൂപങ്ങളുണ്ടാക്കി കളിച്ചിരുന്ന രാജൻ പിന്നീട് പെയിന്റിംഗ് തൊഴിൽ ചെയ്താണ് ഉപജീവനം തുടങ്ങിയത്. അത് പതുക്കെ ശിൽപ്പ നിർമ്മാണത്തിലേക്ക് തിരിഞ്ഞു. 20 വർഷമായി 500ൽ അധികം ശിൽപ്പങ്ങൾ നിർമ്മിച്ചു. 12 അടി ഉയരമുള്ള ഷിർദ്ദി സായ് പ്രതിമ മുതൽ 50ൽ അധികം ആനകളെയും രാജൻ നിർമ്മിച്ചു. തൃശൂർ മുതൽ തിരുവനന്തപുരം വരെയും തമിഴ്നാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ആവശ്യക്കാർക്ക് വീടുകളിൽ പോയി വിവിധ രൂപങ്ങൾ നിർമ്മിച്ചു നൽകി.

കൂടാതെ വിവിധ രൂപങ്ങളിലുടെ കിണർ ഭിത്തികളും നിർമ്മിക്കുന്നതിൽ രാജൻ കഴിവ് തെളിയിച്ചു. നെല്ലിയാമ്പതി പുലയമ്പാറയിൽ സി.പി.എം ഓഫീസിന് വേണ്ടി നിർമ്മിച്ച ശിൽപ്പത്തിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരിൽ നിന്ന് പ്രശസ്തി പത്രം ലഭിച്ചു.
ലോക് ഡൗൺ കാലത്തും പ്രതിമ നിർമ്മാണത്തിൽ അദ്ദേഹം സജീവമാണ്. നെന്മാറ വക്കാവ് പൊതുശ്മശാനത്തിനോട് ചേർന്നുള്ള ഭാഗങ്ങളിൽ പൂന്തോട്ടവും പാർക്കും ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ രൂപങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണപ്പോൾ. പരേതനായ മാണിക്യന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ഐശ്വര്യ, ഐജിഷ.