fireforce-mkd
ഫയർ ആൻഡ് റെസ്‌ക്യൂ സിവിൽ ഡിഫൻസ് ടീം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ബോട്ട്‌

മണ്ണാർക്കാട്: വീണ്ടുമൊരു പ്രളയം ഉണ്ടായാൽ അതിജീവിക്കാനും രക്ഷാപ്രവർത്തനത്തിനും പുതിയ രീതികൾ തേടുകയാണ് ജില്ലാ അഗ്നിശമന സേന വിഭാഗം. ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും തടി കഷ്ണങ്ങളും കൊണ്ട് ബോട്ട് നിർമ്മിച്ചിരിക്കുകയാണ് മണ്ണാർക്കാട് ഫയർ ആൻഡ് റെസ്‌ക്യൂ സിവിൽ ഡിഫൻസ് ടീം.
ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വൃത്തിയാക്കിയാണ് ബോട്ട് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചിലവു കുറഞ്ഞതും ഇന്ധനവുമില്ലാതെ തുഴയാൻ സാധിക്കുന്നതുമായ ഈ ബോട്ടിൽ നാലുപേർക്ക് ഇരിക്കാം. കൂടാതെ ബോട്ടിൽ നിൽക്കാനുമുള്ള സ്ഥലവുമുണ്ട്. സേവന സന്നദ്ധരായവരാണ് സിവിൽ ഡിഫൻസ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്.
മണ്ണാർക്കാട് ഫയർ ആൻഡ് റെസ്‌ക്യൂ സിവിൽ ഡിഫൻസ് ടീമംഗങ്ങളായ അഷറഫ് മാളിക്കുന്ന്, അഷറഫ് ചങ്ങലീരി, ബിജു ചെറുംകുളം, സെയ്ഫുദ്ദീൻ, റിയാസ് തിരുവിഴാംകുന്ന്, ഷിഹാബ് കൊമ്പം എന്നിവരാണ് ബോട്ട് നിർമ്മിച്ചത്.
ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം വെള്ളപ്പൊക്കം, പ്രളയ സമാന സാഹചര്യങ്ങളിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് നീന്തി രക്ഷപ്പെടുന്നതിൽ പരിശീലനം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനും ആവശ്യമായ ഉപകരണങ്ങളുടെ നിർമ്മാണത്തിലും ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.
തുടർന്നാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ബോട്ട് നിർമ്മാണം. ഈ ബോട്ട് മണ്ണാർക്കാട് കുന്തിപ്പുഴയിൽ ഇറക്കി അഗ്നിശമന സേനാ ജില്ലാ മേധാവി അരുൺ ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്‌ക്യൂ മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ ഉമ്മർ, സിവിൽ ഡിഫൻസ് കോഡിനേറ്റർ പി.നാസർ, സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.