പാലക്കാട്: കൊവിഡിന്റെ ആശങ്കകൾക്കിടയിലും ആരോഗ്യ വകുപ്പിന്റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി മുന്നേറുന്നു. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച ജോലികൾ ഏപ്രിൽ 22നാണ് പുനരാരംഭിച്ചത്. ഇതുവരെ 87795 കുടുംബങ്ങൾക്കാണ് തൊഴിൽ ലഭിച്ചത്. 1016045 തൊഴിൽദിനങ്ങളും പൂർത്തിയായി. 62.57 കോടി രൂപ കൂലിയിനത്തിൽ വിതരണം ചെയ്തതായും അധികൃതർ പറഞ്ഞു. ജില്ലയിൽ പ്രതിദിനം ശരാശരി 40,000 പേരാണ് ജോലി ചെയ്യുന്നത്.
നിലവിൽ ജില്ലയിൽ 88 പഞ്ചായത്തുകളിലായി 2919 നിർമ്മാണ ജോലികൾ നിലവിൽ പുരോഗമിക്കുന്നുണ്ട്. ഒരാൾക്ക് പ്രതിദിന കൂലി 291 രൂപയാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് പുറമെ തരിശ് ഭൂമി കൃഷിയോഗ്യമാക്കാനുള്ള ജോലികളും നടക്കുന്നുണ്ട്. ഒരു ജോലിക്ക് പരമാവധി 20 പേരെയാണ് നിയോഗിക്കുക. ഇവരെ നാലായി തിരിച്ച് അഞ്ചുപേർ വീതം അടങ്ങുന്ന ഗ്രൂപ്പായാണ് പ്രവർത്തനം. നടപ്പ് സാമ്പത്തിക വർഷം ഒരു കോടി 14 ലക്ഷം തൊഴിൽ ദിനങ്ങളാണ് ജില്ലക്ക് അനുവദിച്ചിരിക്കുന്നത്.
നിലവിൽ പാടങ്ങളിൽ കളപറി ഉൾപ്പെടെയുള്ള പ്രവർത്തനം ആരംഭിച്ചതിനാൽ തൊഴിലുറപ്പ് തത്കാലം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പല പാടശേഖര സമിതികളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പ്രവർത്തനം പൂർണമായി നിറുത്തിവച്ചാൽ ഭൂരിഭാഗം പേർക്കും തൊഴിൽലഭിക്കാത്ത അവസ്ഥയുണ്ടാകും. രണ്ട് പ്രവർത്തനവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് അധികൃതരുടെ നിലപാട്.
65 കഴിഞ്ഞാൽ ജോലിയില്ല
നിലവിലെ സാഹചര്യത്തിൽ 65 വയസ് കഴിഞ്ഞവർക്ക് ജോലി നൽകാൻ സാധിക്കില്ല. ഇതേതുടർന്ന് സാമ്പത്തിക പ്രതിസന്ധിമൂലം തൊഴിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് ഓഫീസിൽ വന്ന് പരാതി പറയുന്നത്. ലോക്ക് ഡൗൺ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണം. ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ 26 ശതമാനം പേർ 65 വയസ് കഴിഞ്ഞവരാണ്. ഇന്നലെ 52315 തൊഴിലാളികളാണ് ജോലിക്കെത്തിയത്.
സി.എസ്.ലതിക,
ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, എൻ.ആർ.ഇ.ജി.എസ്