students
എരുത്തേമ്പി പൊതിക്കൽ പട്ടികജാതി കോളനിയിലെ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം

ചിറ്റൂർ: തമിഴ് മീഡിയം വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ ആവശ്യമായ സൗകര്യം ഒരുക്കാതെ അധികൃതർ. അതിർത്തി പ്രദേശമായ എരുത്തേമ്പതി പൊതിക്കൽ പട്ടികജാതി കോളനിയിലെ 18 ഓളം വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നത്. ഇതുപോലെ സമീപത്തെ രാജീവ് ഗാന്ധി, മരിയമുത്താർ കോളനിയിലെ വിദ്യാർത്ഥികളും ഓൺലൈൻ പഠനസൗകര്യമില്ലാതെ പ്രതിസന്ധിയിലാണ്. രാജീവ് ഗാന്ധി കോളനിയിൽ മാത്രം 30 ഓളം വിദ്യാർത്ഥികളുണ്ട്. ഇവരോട് പഴയപുസ്തകം പഠിക്കാനാണ് അദ്ധ്യാപകർ നിർദ്ദേശിച്ചിരിക്കുന്നത്.

അതിർത്തി പ്രദേശങ്ങളിൽ ചില വീടുകളിൽ മാത്രമാണ് ടിവി ഉള്ളത്. അതിലും വിക്ടേഴ്സ് ചാനൽ കിട്ടുന്നത് ചുരുക്കം ചിലരുടെ വീടുകളിൽ. കൂലിപ്പണി ചെയ്ത് ജീവിതം തള്ളിനീക്കുന്നവർക്ക് സ്മാർട്ട് ഫോണും ഇന്റർനെറ്റ് സൗകര്യവും വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. പഠന സൗകര്യമില്ലെന്ന് സ്കൂൾ അധികൃതരോട് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കുട്ടികൾ പറയുന്നു. ഈ കോളനികളിൽ അംഗൺവാടിയില്ല. കിലോമീറ്ററുകൾ അകലെ കൗണ്ടൻകളം, മാങ്കാപ്പള്ളം എന്നിവിടങ്ങളിൽ അംഗങ്ങൾവാടികളിൽ ടിവി സൗകര്യം ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴ തുടങ്ങിയതും പരിമിതമായ യാത്രാസൗകര്യം മാത്രമേ ഉള്ളു എന്നതും മറ്റൊരു പ്രതിസന്ധിയാണ്. ഈ പ്രതിസന്ധികളെ മറികടന്ന് ഉടനെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.