നെന്മാറ: ലോക്ക് ഡൗണിനെ തുടർന്ന് ബംഗാളി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ ഞാറു പറിക്കലും നടീലിനും തൊഴിലാളികളെ കിട്ടാതെ നെൽകർഷകർ ആശങ്കയിൽ. പ്രാദേശിക തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലും സജീവമായതോടെ പാടത്തുപണിക്ക് ആളില്ലാതായി. ആലത്തൂർ, ചിറ്റൂർ, പാലക്കാട് താലൂക്കുകളിലാണ് തൊഴിലാളി ക്ഷാമം രൂക്ഷം.
തൊഴിലാളി ക്ഷാമം മൂലം പണികൾ പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചിലർ ഇത്തവണ ഒന്നാംവിളയ്ക്ക് പൊടിവിതയും, ചേറ്റുവിതയും നടത്തിയിരുന്നു.അവരെല്ലാം ഇപ്പോൾ കളപറിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും കർഷകനായ കൂട്ടപ്പുര വീട്ടിൽ കെ.എൻ.പത്മനാഭൻ പറയുന്നു.
300 തൊഴിലാളികളുണ്ടായിരുന്നത് ഇപ്പോൾ 21 പേർ മാത്രം
300 തൊഴിലാളികളെയാണ് ഞാറ് പറിക്കാനും, നടീൽ നടത്താനും പാടശേഖര സമിതിയുടെയും, കർഷകരുടെയും ആവശ്യപ്രകാരം എത്തിച്ചു നൽകിയിരുന്നത്. എന്നാൽ, ലോക്ക് ഡൗൺ ആയതോടെ 21 പേരൊഴികെ ബാക്കിയെല്ലാവരും നാട്ടിലേക്ക് മടങ്ങിയതായി തൊഴിലാളികളെ എത്തിച്ചിരുന്ന ഇടനിലക്കാരായ നെന്മാറ സ്വദേശി സുജി പറയുന്നു.
തുടക്കത്തിൽ ചെലവിന് തുകനൽകി ഇവരെ താമസിപ്പിച്ചിരുന്നുവെങ്കിലും ട്രെയിൻ സർവീസ് ആരംഭിച്ചതോടെ എല്ലാവരും നാട്ടിലേക്ക് മടങ്ങി. ഇതോടെ കർഷകർ ആവശ്യപ്പെടുമ്പോൾ തൊഴിലാളികളെ നൽകാൻ കഴിയാത്ത സ്ഥിതിയായി. അതിന് പരിഹാരമായി പ്രാദേശികമായി 70 ലധികം സ്ത്രീകളെ സംഘടിപ്പിച്ചിട്ടുണ്ടെന്നും സുജി പറയുന്നു.
രണ്ടുപേരുടെ സ്ഥാനത്ത് ആറു പേർ വേണം
ഒരേക്കർ നെൽപ്പാടത്ത് ഞാറ് പറിച്ചുനടീൽ നടത്തുന്നതിന് രണ്ടുബംഗാളി തൊഴിലാളികൾക്ക് കഴിയും. എന്നാൽ ഈ ജോലികൾ ഒരുദിവസത്തിൽ പൂർത്തിയാക്കാൻ പ്രാദേശിക തൊഴിലാളികൾ ആറുപേർ വേണം. ചെലവ് കുറയ്ക്കാനായാണ് മിക്ക കർഷകരും ബംഗാളി തൊഴിലാളികളെ ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം ഒരേക്കർ നടീൽ നടത്തുന്നതിന് കരാർ കൂലിയായി 4000 രൂപയാണ് വാങ്ങിയിരുന്നത്. ഇത്തവണ യാത്ര ചെലവ് കൂടുതലായതിനാൽ കൂലിയിൽ 500 രൂപയുടെ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നാണ് ഇടനിലക്കാർ പറയുന്നത്.