പാലക്കാട്: പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. ഒന്നുമുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പുസ്തകങ്ങൾ നൽകുന്നത്. അൺ എയ്ഡഡ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ 27,82,118 പുസ്തകങ്ങളാണ് ജില്ലയിൽ വതരണം ചെയ്യുന്നത്. എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി 25,39,179 പുസ്തകങ്ങളാണ് വേണ്ടത്. ഇതിൽ 23,45,634 എണ്ണം ഷൊർണൂരിലെ ബുക്ക് ഡിപ്പോയിൽ എത്തിയിട്ടുണ്ട്.ജില്ലയിലെ 232 സ്‌കൂൾ സൊസൈറ്റികൾ വഴിയാണ് ഇവയുടെ വിതരണം.
ഒറ്റപ്പാലം, ഷൊർണൂർ, തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, കുഴൽമന്ദം സബ് ജില്ലകളിലെ വിതരണം പൂർത്തിയായി. ഇനി പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട്, പറളി, ചെർപ്പുളശ്ശേരി, ആലത്തൂർ സബ് ജില്ലകളിൽ ഇനി ബാക്കിയുണ്ട്. ചെർപ്പുളശ്ശേരിയിൽ വിതരണം പുരോഗമിക്കുകയാണ്. കേരള ബുക്ക്‌സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയുടെ വാഹനങ്ങളിലാണ് പുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികളിൽ എത്തിക്കുന്നത്. സ്വന്തമായി സൊസൈറ്റി ഇല്ലാത്ത സ്‌കൂളുകൾക്ക് തൊട്ടടുത്ത വിദ്യാലയങ്ങളിൽ നിന്നും പുസ്തകങ്ങൾ കൈപ്പറ്റാം. ഇതിന്റെ വിവരങ്ങൾ അധ്യാപകർ മുഖേന രക്ഷിതാക്കളെ അറിയിക്കും.
ഓരോ ക്ലാസിനും പ്രത്യേകം ദിവസങ്ങളിലാണ് വിതരണം. ഇതു സംബന്ധിച്ച് പ്രധാനാധ്യാപകർക്ക് തീരുമാനമെടുക്കാം. പുസ്തകം വാങ്ങാൻ കുട്ടികൾ നേരിട്ട് വരണമെന്നില്ല, രക്ഷിതാക്കൾക്ക് വാങ്ങിക്കാം. പൊതുവിദ്യാലയങ്ങളിലെ വിതരണത്തിനുശേഷമാകും അൺ എയ്ഡഡ് സ്‌കൂളുകളിലേക്ക് പുസ്തകം നൽകുക. ഈ ആഴ്ചയ്ക്കുള്ളിൽ വിതരണം പൂർത്തിയാക്കും.
പി. കൃഷ്ണൻ പറഞ്ഞു, വിദ്യാഭ്യാസ ഉപഡയറക്ടർ