പാലക്കാട്: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഗവ.മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സ ഇന്നുമുതൽ ആരംഭിക്കും. ജില്ലാ ആശുപത്രിയിലുള്ള രോഗബാധിതരെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. 100 പേരെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള ഒരുക്കം പൂർത്തിയായി.
അധികൃതർ ഇന്നലെ അന്തിമ പരിശോധന നടത്തി സൗകര്യം വിലയിരുത്തി. ജില്ലാ ആശുപത്രിയിൽ നിന്നുള്ള രോഗികൾക്ക് പുറമേ പുതുതായി വരുന്നവരെയും മെഡിക്കൽ കോേജിൽ പ്രവേശിപ്പിക്കും.
ഇതിനായി മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് പുറമേ എൻ.എച്ച്.എം മുഖേന ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായ പാലക്കാട് മെഡിക്കൽ കോളേജിലും മാങ്ങോട് കേരള മെഡിക്കൽ കോളേജിലുമാണ് ഇനി മുതൽ രോഗബാധിതരെ പരിശോധിക്കുക. കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവർ ജില്ലാ ആശുപത്രിയിൽ തുടരും. വെന്റിലേറ്റർ സൗകര്യങ്ങളോടെ ഒരു ബ്ലോക്ക് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.
കൊവിഡ് സാമ്പിൾ പരിശോധനയ്ക്ക് സജ്ജീകരിച്ച ആർ.ടി.പി.സി.ആറിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) അംഗീകാരം ലഭിച്ചതായി മെഡിക്കൽ കോളജ് ഡയറക്ടർ ഡോ.എം.എസ്.പത്മനാഭൻ അറിയിച്ചു. ലാബ് ടെക്നീഷ്യന്മാരെ കൂടി വ്യന്യസിക്കാനുണ്ട്. ഇതുകൂടി പൂർത്തിയായാൽ പരിശോധന തുടങ്ങും. രണ്ടു ഷിഫ്‌റ്റുകളിലായി 100 വീതം സാമ്പിൾ പരിശോധിക്കും. സാമ്പിളുകളുടെ എണ്ണം കൂടിയാൽ മൂന്ന് ഷിഫ്റ്റുകളിലായി നൂറിലധികം സാമ്പിളുകൾ പരിശോധിക്കും.