road
എടത്തനാട്ടുകര താഴത്തെ പടിക്കപ്പാടത്ത് നി‌ർദ്ദിഷ്ട മലയോര ഹൈവേയോട് ചേർന്നുള്ള പുറമ്പോക്കിലെ പട്ടികജാതി കോളനി

എടത്തനാട്ടുകര: ആറ് പട്ടികജാതി കുടുംബങ്ങളിലെ 40 പേർ വഴിവക്കിലെ മൂന്ന് താൽക്കാലിക വീടുകളിൽ വാസം തുടങ്ങിയിട്ട് എഴ് പതിറ്റാണ്ട് പിന്നിടുന്നു. പഞ്ചായത്ത് രണ്ടാം വാർഡിലെ താഴത്തെ പടിക്കപ്പാടത്താണ് പട്ടികജാതി കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത്.

നിർദ്ദിഷ്ട മലയോര ഹൈവേയുടെ എടത്തനാട്ടുകര- കരുവാരക്കുണ്ട് റോഡിലെ പുറമ്പോക്കിലാണ് ഇവരുടെ താമസം. 70 വർഷം മുമ്പ് ജന്മികളുടെ പണിക്കാരായി വന്ന പൂർവികരാണ് റോഡുവക്കിൽ കുടിൽ കെട്ടി താമസം തുടങ്ങിയത്. സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന ക്ഷേമപദ്ധതികൾ നിരവധി വന്നുപോയിട്ടും കോളനി നിവാസികൾക്ക് സഹായമൊന്നും ലഭിച്ചില്ല.

സ്വന്തം സ്ഥലമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യം പലപ്പോഴും നിഷേധിക്കപ്പെട്ടു. പ്രായപൂർത്തിയായ പെൺകുട്ടികളടക്കം കുളിക്കാനോ പ്രാഥമിക സൗകര്യങ്ങൾക്കോ ഇടമില്ല. വാഹനങ്ങളുടെ ശബ്ദം വിദ്യാർത്ഥികളുടെ പഠനത്തെപ്പോലും ബാധിക്കുന്നു. ഒന്നുരണ്ട് കുടുംബങ്ങൾക്ക് മാത്രമാണ് റേഷൻ കാർഡുള്ളത്. അടുത്തുള്ള കോട്ടമലയിലെ പ്രകൃതിദത്ത സ്ത്രോതസുകളിൽ നടന്നുപോയാണ് കുടിവെള്ളം ശേഖരിക്കുന്നത്.

നിർദ്ദിഷ്ട മലയോര ഹൈവേയുടെ പ്രവർത്തനമാരംഭിക്കുന്നതോടെ ഇവിടെ നിന്ന് ഒഴിഞ്ഞുപോവേണ്ടി വരുമെന്ന ഭയത്തിലാണ് കുടുംബങ്ങൾ. നാട്ടുകാരുടെ സഹകരണത്തോടെ സമിതി രൂപീകരിച്ച് ബന്ധപ്പെട്ടവരെ കണ്ട് സഹായമഭ്യർത്ഥിക്കാൻ ഒരുങ്ങുകയാണ് കോളനി നിവാസികൾ.