feaver
.

പാലക്കാട്: കൊവിഡിന് പിന്നാലെ പകർച്ച വ്യാധികളും പെരുകുന്നു. മടിച്ച് പെയ്യുന്ന കാലവർഷത്തിന് പുറമേ തണുപ്പും ചെറിയ ചൂടും ഇടകലർന്നുള്ള കാലാവസ്ഥ പനിക്ക് ആക്കം കൂട്ടുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ജൂണിൽ മാത്രം 5377 പേരാണ് പനി ചികിത്സ തേടിയത്. കൂടാതെ 108 പേർക്ക് കിടത്തിച്ചികിത്സ തേടി.

മലയോര മേഖലയിലാണ് പകർച്ചപ്പനി,​ ഡെങ്കി എന്നിവ കൂടുതൽ. ലോക്ക് ഡൗൺ മൂലം ജില്ലയിലെ മഴക്കാല പൂർവ ശുചീകരണം മുൻവർഷങ്ങളിലെ പോലെ കാര്യക്ഷമമായി നടന്നിട്ടില്ല. ഇത് വിവിധ നഗരസഭാ പ്രദേശങ്ങളിൽ ഉൾപ്പെടെ ഡെങ്കി കേസുകൾ കൂടാൻ ഇടയാക്കിയത്. ജനുവരി മുതൽ ഇതുവരെ 32 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ജനുവരിയിലും മേയിലും ഓരോ എലിപ്പനിയും സ്ഥിരീകരിച്ചു.

സാധാരണ ജലദോഷ പനിയുമായി വരുന്നവരെ പോലും കൊവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന നിർദ്ദേശമുള്ളതിനാൽ പലരും ചികിത്സ തേടി ആശുപത്രിയിലേക്ക് വരുന്നില്ല. നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്ന ഭയമാണ് കാരണം. ഇതോടെ ഉൾഗ്രാമങ്ങളിൽ പനി ബാധിതർ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി സ്വയം ചികിത്സിക്കുകയാണ്. ഗതാഗത സൗകര്യം ഇല്ലാത്തലും പ്രതിസന്ധിയാണ്.

ഡെങ്കി ലക്ഷണം
രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാൽ രണ്ടുമുതൽ ഏഴു ദിവസത്തിനുള്ളിൽ ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണിന് ചുറ്റും പേശികളിലും സന്ധികളിലുമുള്ള വേദന, ക്ഷീണം, ഛർദി, നിർജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണം.

രോഗനിർണയം
വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ രക്തപരിശോധന നടത്തണം. റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റേയ്‌സ് പോളിമെറേസ് ചെയിൻ റിയാക്ഷൻ, എൻസൈം ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സായ്‌സ് എന്നീ പരിശോധന വഴി രോഗം നിർണയിക്കാം. ഡെങ്കിപ്പനിക്ക് കൃത്യമായ ചികിത്സയില്ല. രോഗലക്ഷണം കണ്ടെത്തി അവ കുറയ്ക്കാനുള്ള ചികിത്സയാണ് നൽകുന്നത്.

പ്രതിരോധമാണ് പ്രധാനം
1. ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ കൊതുകു നശീകരണമാണ് പ്രധാനം.

2. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. കിണറുകളും ടാങ്കുകളും പാത്രങ്ങളും കൊതുകുവല കൊണ്ട് മൂടുക.
3. വീടിന്റെ ടെറസിലും സൺ ഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.
4. വെള്ളത്തിൽ വളരുന്ന കൂത്താടികളെ നശിപ്പിക്കണം. ഇതിന് മണ്ണെണ്ണയോ ജൈവകീടനാശിനികളോ ഉപയോഗിക്കാം. ഗപ്പി പോലുള്ള മത്സങ്ങളെ വെള്ളത്തിൽ നിക്ഷേപിക്കുന്നതും നല്ലതാണ്.
5. വൈകിട്ട് വീടിനകത്ത് പുകയിടാം.
6. കൊതുകുവല, കൊതുകുതിരി, കൊതുകിനെ അകറ്റാനുള്ള സ്‌പ്രേ, ക്രീം എന്നിവ ഉപയോഗിക്കാം.
7. വീടിന്റെ ജനലുകളും വാതിലുകളും എയർ ഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.
8. കൊതുകടി ഏൽക്കാതിരിക്കാനായി ശരീരം മൂടുന്ന വസ്ത്രം ധരിക്കുക.

ജില്ലയിൽ പനിയുടെ കണക്ക്

മാസം ഒ.പി കിടത്തിച്ചികിത്സ
 ജനുവരി- 18260 - 530
 ഫെബ്രുവരി - 20740 - 490
 മാർച്ച് - 15581- 1084
 ഏപ്രിൽ - 5897 - 86
 മേയ് 5377 - 108

ഓരോ മാസത്തേയും ഡെങ്കിപ്പനി

 ജനുവരി 14
 ഫെബ്രുവരി 07
 മാർച്ച് 03
 ഏപ്രിൽ 01
 മേയ് 07