ആലത്തൂർ: കൊവിഡ് 'കളി' തുടങ്ങിയപ്പോൾ അടച്ചുപൂട്ടിയതാണ് നാട്ടിലെ കളിക്കളങ്ങൾ. ഖൊഖോ കളിച്ച് സംസ്ഥാന- ദേശീയ തലങ്ങളിൽ എത്തിയ പഴമ്പാലക്കോട്ടെ അഞ്ച് കൂട്ടുകാർക്ക് കുറച്ച് ദിവസം വെറുതെ ഇരുന്നപ്പോൾ മടുത്തു. ആലോചനക്കൊടുവിൽ അവർ തീരുമാനിച്ചു, ഇനി മണ്ണിലിറങ്ങി കൈക്കോട്ടെടുത്താവാം കളി. പാറക്കൽ പറമ്പിലെ അനീഷ്, വട്ടക്കാലിങ്കലെ അജിത്തും അർജുനും പീച്ചങ്കോടിലെ ശ്യാംകുമാർ, കുണ്ടുകാട്ടെ ഗിരീഷ് എന്നിവരാണിവർ.
പാറക്കൽ പറമ്പിൽ അനീഷിന്റെ വീട്ടുവളപ്പിലെ 20 സെന്റ് സ്ഥലത്ത് മണ്ണൊരുക്കി കപ്പ നട്ടു. ഇവരുടെ ആവേശം കണ്ട് പഴമ്പാലക്കോട് സഹകരണ ബാങ്ക് സെക്രട്ടറി അനിൽകുമാർ പഴമ്പാലക്കോട് സ്‌കൂൾ മൈതാനത്തിന് സമീപം അരയേക്കർ സ്ഥലം വെറുതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി. ഈ സ്ഥലം പാട്ടത്തിനെടുത്ത് കസ്തൂരി മഞ്ഞൾ നടുന്നതിനുള്ള പണി തുടങ്ങി. ഇത് കഴിഞ്ഞാൽ വാഴക്കൃഷി തുടങ്ങും. ഇടവിളയായി പച്ചക്കറി കൃഷിയുമുണ്ടാകും.
കുറച്ച് സ്ഥലത്ത് ചെറിയ തോതിൽ കൃഷി ചെയ്യുന്ന ഇവർ വലിയ കർഷകരൊന്നുമല്ല. പഴമ്പാലക്കോട് എസ്.എം.എം.എച്ച്.എസ്.എസിൽ പഠിച്ച് വളർന്ന അഞ്ച് കൂട്ടുകാരാണിവർ. എല്ലാവരും ഖൊഖൊ കളിക്കാർ. സ്‌കൂൾ, കോളേജ്, സർവകലാശാല ടീമുകളിൽ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ. കൂലിപ്പണിയും ഓട്ടോ ഓടിക്കലും തെങ്ങുകയറ്റവും ഒക്കെയായി കഴിയുന്ന സാധാരണ മാതാപിതാക്കളുടെ പ്രതീക്ഷ.
അനീഷ് കാലിക്കട്ട് സർവകലാശാലയിൽ ബി.പിഎഡ് (കായികാദ്ധ്യാപക) വിദ്യാർത്ഥിയാണ്. അജിത്ത് വിക്ടോറിയ കോളേജിലും അർജുനും ശ്യാംകുമാറും ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലും ബിരുദ പഠനം പൂർത്തിയാക്കി. എട്ട് വയസിന് മുതിർന്ന ഗിരീഷ് സ്വകാര്യ സ്‌കൂളിൽ കായികാദ്ധ്യാപകനാണ്. പഴമ്പാലക്കോട് സ്‌കൂളിലെ കായികാദ്ധ്യാപകനായിരുന്ന ചന്ദ്രശേഖരനാണ് ഇവരുടെ ഗുരു.
കായിക ശേഷി കാർഷിക മേഖലയിൽ ഉപയോഗപ്പെടുത്തുക മാത്രമല്ല, നാടിന്റെ പൊതുആവശ്യമായ ഭക്ഷ്യ സുരക്ഷയ്ക്ക് തങ്ങളാലാകുന്നത് ചെയ്യുകയാണിവർ.