ബഹളം തൊഴിലുറപ്പുമായി ബന്ധപ്പെട്ട അജണ്ട ചർച്ച ചെയ്യുന്നതിനിടെ
ചെർപ്പുളശേരി: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ അംഗീകാരം ലഭിച്ചവയ്ക്ക് ആനുപാതികമായി ഫണ്ട് അനുവദിക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷിക്കുന്നതിനായുള്ള അജണ്ടയുൾപ്പടെ ചർച്ച ചെയ്യാനായി ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണ - പ്രതിപക്ഷ ബഹളവും കൈയാങ്കളിയും.
ഇതുമായി ബന്ധപ്പെട്ട പ്രമേയം ഭരണപക്ഷ കൗൺസിലർ പി.സുബീഷ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം ഇടപെടുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള പ്രമേയമാണിതെന്നും നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ ചെയർപേഴ്‌സനോ സെക്രട്ടറിയോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാരോപിച്ചുമാണ് പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റത്. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു നടപടിയും നഗരസഭ സ്വീകരിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാവുന്ന കാര്യങ്ങൾ പോലും ചെയ്തില്ലെന്നും പ്രതിപക്ഷത്തെ സി.ഹംസ ആരോപിച്ചു. ഇതോടൊപ്പം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടികയിലെ അപാകത കൂടി ചൂണ്ടിക്കാട്ടിയതോടെ യോഗം ബഹളത്തിലേക്ക് നീങ്ങി.
എന്നാൽ, അജണ്ടയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം യോഗത്തിൽ ചർച്ച ചെയ്താൽ മതിയെന്ന് ഭരണപക്ഷ കൗൺസിലർമാർ നിലപാടെടുത്തതോടെ ബഹളം കൊവിഡ് മാനദണ്ഡങ്ങൾ മറന്ന് കൈയാങ്കളിയിലേക്ക് കടന്നു. വോട്ടർ പട്ടികയിലെ അപാകത ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പിന്നീട് പ്രതിപക്ഷ കൗൺസിലർമാർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
ബി.ജെ.പി അംഗത്തിന്റെ പിന്തുണയോടെ പ്രമേയം പിന്നീട് സർക്കാരിന് അയക്കാൻ കൗൺസിൽ തീരുമാനിച്ചു. കൊരമ്പത്തോട്ടിലും കാക്കാേത്തോട്ടിലും അടിഞ്ഞുകൂടിയ മണ്ണ് മഴ ശക്തമാകുന്നതിന് മുമ്പ് നീക്കം ചെയ്യുന്ന പ്രവർത്തികൾക്കായി സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
മഴക്കാല ശുചിത്വ കാമ്പെയിൻ ഉൾപ്പടെ 26 അജണ്ടകളാണ് കൗൺസിലിൽ ചർച്ച ചെയ്തത്. നഗരസഭാദ്ധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് അദ്ധ്യക്ഷയായി. ഇന്ത്യ- ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ചാണ് യോഗം ആരംഭിച്ചത്.