arrest

ആലത്തൂർ: മദ്ധ്യവയസ്‌കനെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിലിംഗ് നടത്തി പണമാവശ്യപ്പെട്ട സംഭവത്തിൽ അഞ്ചംഗ സംഘത്തെ മാരകായുധങ്ങളുമായി പൊലീസ് പിടികൂടി. മേലാർകോട് തെക്കേത്തറ സ്വദേശി മണികണ്ഠനെയാണ് (58) കടംവാങ്ങിയ തുക തിരികെ നൽകിയില്ലെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ തേങ്കുറിശി തുപ്പാരക്കളം വീട്ടിൽ അൽത്താഫ് അലി (22), നെന്മാറ തവളക്കുളം എം.എൽ.എ റോഡിൽ റഫീഖ് (20), വെമ്പല്ലൂർ പൂശാരിമേട് നിധിൻ (18), തിരുവനന്തപുരം അമ്പൂരിദേശം മുളമൂട്ടിൽ മനുജോയ് (27), വെമ്പല്ലൂർ പച്ചിലംകോട് നിധിൻ എന്ന ചെള്ളി (19) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച രാത്രിയാണ് മണികണ്ഠനെ വീട്ടിൽ നിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. ഇയാളുടെ ഭാര്യ നൽകിയ പരാതിയിൽ ആലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേങ്കുറുശിയിലുള്ള അൽത്താഫിന്റെ വീട്ടിൽ നിന്ന് മണികണ്ഠനെ കണ്ടെത്തിയത്.

മരംവെട്ടുന്ന മെഷീൻ വാടകയ്ക്ക് എടുത്ത വകയിൽ മണികണ്ഠൻ 50,000 രൂപ സംഘത്തിലൊരാൾക്ക് നൽകാനുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയ പ്രതികൾ ഒരു ലക്ഷം ആവശ്യപ്പെടുകയും പൊലീസിനെ വിവരമറിയിച്ചാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളിൽ നിന്ന് പൊലിസ് വാൾ, കത്തി, എയർ പിസ്റ്റൾ എന്നിവ കണ്ടെടുത്തു. ജില്ലയിലെ ലഹരി വില്പന സംഘത്തിലെ പ്രധാനികളാണിവർ. ഇവർക്കെതിരെ നിരവധി ലഹരി കടത്ത്, അടിപിടി, പോക്‌സോ കേസുകളുണ്ട്.

ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നിർദ്ദേശ പ്രകാരം സി.ഐ ബോബിൻ മാത്യു, എസ്.ഐ എം.ആർ.അരുൺകുമാർ, ജൂനിയർ എസ്.ഐ സുജിത്ത്, എ.എസ്.ഐമാരായ സാം ജോർജ്ജ്, ഷാജു, എസ്.സി.പി.ഒ.മാരായ ഉവൈസ്, സുഭാഷ്,​ ക്രൈം സ്‌ക്വാഡംഗങ്ങളായ റഹിം മുത്തു, ആർ.കെ.കൃഷ്ണദാസ്, യു.സൂരജ് ബാബു, കെ.ദിലീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.