മണ്ണാർക്കാട്: മാനസികാസ്വാസ്ഥ്യമുള്ള അമ്മ ഏഴുവയസുകാരനായ മകനെ കത്തികൊണ്ട് കുത്തിക്കൊന്നു. ഭീമനാട് വടശ്ശേരിപ്പുറത്ത് ജമാലിയ മദ്രസയ്ക്ക് സമീപം താമസിക്കുന്ന നാലകത്ത് വീട്ടിൽ ഹസ്‌നത്ത് ബീഗം (36) ആണ് മകൻ മുഹമ്മദ് ഇർഫാനെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. 9 മാസം മാത്രം പ്രായമുള്ള ഇളയകുട്ടി ഹുസ്‌നയെ വീടിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഹുസ്നയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ ചോരയിൽ കുളിച്ചനിലയിൽ മുഹമ്മദ് ഇർഫാനെ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എറണാകുളം സ്വദേശി സക്കീർ ഹുസൈനാണ് കുട്ടിയുടെ പിതാവ്. എറണാകുളത്ത് ജോലിചെയ്യുന്ന ഇയ്യാൾ വല്ലപ്പോഴും മാത്രമാണ് വീട്ടിലേക്ക് വരാറുള്ളതെന്നും ഹസ്നത്തും മക്കളും വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നതെന്നും അയൽവാസികൾ പറഞ്ഞു.
ഷൊർണൂർ ഡിവൈ.എസ്.പി മുരളീധരൻ, നാട്ടുകൽ സി.ഐ അനീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. വൈകിട്ടോടെ ഹസ്നത്തിന്റെ വൈദ്യപരിശോധന പൂർത്തിയാക്കി സൈക്കോളജിസ്റ്റിനെ കാണിച്ച് മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. തുടർന്ന് മണ്ണാർക്കാട് മുൻസിഫ് കോടതി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
മാനസിക വിഭ്രാന്തിയെ തുടർന്ന് ഹസ്‌നത്ത് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മുതുകിലും തലയ്ക്ക് പിന്നിലും കത്തികൊണ്ട് കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്നാണ് കുട്ടി മരിച്ചത്.
മുഹമ്മദ് ഇർഫാൻ ഭീമനാട് ജി.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. യുവതി കഴിഞ്ഞ അഞ്ചു വർഷമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. മുഹമ്മദ് ഇർഫാന്റെ മൃതദേഹം പോസ്റ്ര്‌മോർട്ടത്തിന് ശേഷം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹുസ്നയുടെ പരിക്ക് സാരമുള്ളതല്ല.