പാലക്കാട്: ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനയ്ക്കുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റിന് തുടക്കമായി. ആർ.ടി.പി.സി.ആർ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ ബാലൻ ഓൺലൈനിലൂടെ നിർവഹിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായി.
നിലവിൽ ജില്ലയിൽ ഒരു ദിവസം 500 മുതൽ 600 വരെ സാമ്പിളുകൾ ആലപ്പുഴ, തൃശൂർ ജില്ലകളിലായാണ് പരിശോധനാ നടത്തിവരുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ആർ.ടി.പി.സി.ആർ ടെസ്റ്റിലൂടെ ഒരു ദിവസം ഏകദേശം 300 സാമ്പിളുകൾ പരിശോധിക്കാനാകും. ആദ്യപടിയായി 46 സാമ്പിളുകളുടെ പരിശോധന നടത്തിയിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപ ചിലവഴിച്ചാണ് മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ എന്നുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് മെഡിക്കൽ കോളേജിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റെന്ന രീതിയിൽ ചികിത്സ ആരംഭിക്കുന്നതെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.
മാങ്ങോട് കേരള മെഡിക്കൽ കോളേജിലും ഇത്തരത്തിൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഏതെങ്കിലും സാഹചര്യത്തിൽ സമൂഹ വ്യാപനത്തിലേക്ക് കടക്കുകയാണെങ്കിൽ കഞ്ചിക്കോട് കിൻഫ്ര പാർക്ക് 1000 രോഗികളെ ചികിത്സിക്കുന്നതിനുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. ഏത് പ്രതിസന്ധിഘട്ടത്തിലും ജില്ലാ കൊവിഡ് പ്രതിരോധത്തിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഏകദേശം 374 ഓളം ജീവനക്കാർക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. എൻ എച്ച് എം വഴിയാണ് നിയമനം നടത്തുന്നത്.
ആദ്യഘട്ടത്തിൽ 295 പേരുടെ നിയമനത്തിനുള്ള ഉത്തരവായി. 25 ഡോക്ടർമാർ, 120 വീതം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ.മാർ, നഴ്സുമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ പാലക്കാട് മെഡിക്കൽ കോളേജിൽ 17 ടെക്നീഷ്യന്മാരും നാല് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരും ഉൾപ്പെടെയുള്ള തസ്തികകൾ കൂടി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ 57 അഡീഷണൽ സ്റ്റാഫിനും അംഗീകാരം നൽകിയിട്ടുണ്ട്. കഞ്ചിക്കോട്ടേക്ക് 174 സ്റ്റാഫിനെയും നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ വേതനം വർധിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി എ കെ ബാലൻ പറഞ്ഞു.
സൂം മീറ്റിംഗിൽ ജില്ലാ കളക്ടർ ഡി. ബാലമുരളി, ഡി.എം.ഒ ഡോ. കെ പി റീത്ത, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.പി ജഗദീഷ്, പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. എം.എസ് പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.