ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ 'സസ്യങ്ങളിൽ കറുത്ത പൊന്ന്' പദ്ധതി ആരംഭിച്ചു. ജൈവ വൈവിധ്യ വിദ്യാലയമായ സ്കൂളിലെ പരിസ്ഥിതി ക്ലബ് ശതാവരി ദേശീയ ഹരിത സേനയുടെയും ഇന്ത്യനൂർ ഗോപി മാസ്റ്റർ സ്മാരക പരിസ്ഥിതി പഠന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്കൂൾ വളപ്പിലുള്ള നാന്നൂറോളം സസ്യങ്ങളിലാണ് തിരുവാതിര ഞാറ്റുവേലയിൽ കുരുമുളക് വള്ളി നട്ടുപിടിപ്പിക്കുന്നത്. സ്കൂൾ പ്രധാനാദ്ധ്യാപകൻ എം.പ്രശാന്ത്, കുരുമുളക് വള്ളി നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി.കൃഷ്ണദാസ്, ഡോ. കെ.അജിത്, ടി.വിഷ്ണു പ്രസാദ്, പി.വിദ്യ, പി.അഞ്ജന എന്നിവർ പങ്കെടുത്തു.
പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ കരുമുളക് വള്ളികൾ പൂർവ്വ വിദ്യാർത്ഥിനിയും ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലറുമായ മിനി സംഭാവനയായി നൽകി. സ്കൂൾ കാമ്പസിലെ മരങ്ങളിലെല്ലാം കരുമുളക് വള്ളി നട്ടുവളർത്തുകയും കുരുമുളകിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാർത്ഥികളിൽ ബോധവത്ക്കരണം നടത്തി കുരുമുളക് കൃഷി വ്യാപിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.