പാലക്കാട്: ജില്ലയിലെ പൊതുകുളങ്ങളിലെ ജലത്തിന്റെ ലഭ്യത അറിയാനായി ഹരിത കേരളാമിഷന്റെ നേതൃത്വത്തിൽ ജല സ്‌കെയിലുകൾ സ്ഥാപിക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായും അധികൃതർ പറഞ്ഞു. ഓരോ കുളങ്ങൾക്കും സമീപം വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താനായി ബോർഡുകളും സ്ഥാപിക്കും. ഹരിത കേരളാ മിഷന്റെ ഉപമിഷനായ ജലസമൃദ്ധിയുമായി സഹകരിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. സ്കെയിലുകൾ സ്ഥാപിക്കുന്നതോടെ ലഭ്യതയ്ക്കനുസരിച്ച് കുളങ്ങളിലെ ജലം ഉപയോഗിക്കാൻ സാധിക്കും. വിവിധ കുളങ്ങളുടെ സംഭരണ ശേഷി എത്രയെന്ന് പരിശോധിച്ച് വിവരം നൽകാൻ ഹരിത കേരള മിഷൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പദ്ധതി ഇങ്ങനെ
1. സ്കെയിൽ സ്ഥാപിക്കുന്നതന് മുമ്പ് കുളത്തിലെ മണ്ണ് നീക്കം ചെയ്ത് പരമാവധി സംഭരണ ശേഷി നിശ്ചയിക്കും
2. കഴിഞ്ഞ വേനലിലെ ജലനിരപ്പ് കൂടി കണക്കിലെടുത്ത് 50 സെ.മി ഉയർത്തിയാണ് സ്‌കെയിൽ സ്ഥാപിക്കുക.
3. ഓരോ പത്ത് സെ.മി ഇടവിട്ട് കറുപ്പ്, മഞ്ഞ നിറം ഉപയോഗിച്ച് സ്‌കെയിലിൽ അളവുകൾ രേഖപ്പെടുത്തും.
4. കുളം വറ്റുന്ന സാഹചര്യത്തിൽ ജലസേചന, റവന്യൂ, തദ്ദേശഭരണ വകുപ്പുകൾ, കർഷക സമിതികൾ എന്നിവയുടെ സഹകരണത്തോടെ കനാലുകളിൽ നിന്നോ, വെള്ളം നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ട പാറമടകളിൽ നിന്നോ കുളത്തിന്റെ റീ ചാർജ്ജിംഗ് സാധ്യത പരിശോധിക്കും.
അടുത്ത ആഴ്ച പ്രവർത്തനം ആരംഭിക്കും
ജില്ലയിൽ ആകെ 4834 കുളങ്ങളാണുള്ളത്. ഇതിൽ 860 കുളങ്ങളുടെ പുനരുജ്ജീവനം പൂർത്തിയായി. ആദ്യഘട്ടത്തിൽ നവീകരിച്ച കുളങ്ങളിലാണ് ജലസ്കെയിൽ സ്ഥാപിക്കുക. അടുത്ത ആഴ്ചയോടെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം. സ്വകാര്യ കുളങ്ങളിലും സ്കെയിലുകൾ സ്ഥാപിക്കാം.
വൈ.കല്ല്യാണകൃഷ്ണൻ, ഹരിത കേരള മിഷൻ, ജില്ലാ കോ-ഒാർഡിനേറ്റർ, പാലക്കാട്