paddy
മഴ മേഘങ്ങൾ പെയ്യാതെ മടിച്ചു നിൽക്കുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം നിറച്ച് ഞാർ നടുന്ന കാവശ്ശേരി പൂരപ്പറമ്പ് പാടശേഖരം

പാലക്കാട്: മതിമറന്നു പെയ്യേണ്ട മകയിരം ഞാറ്റുവേല മണ്ണിനെ കൊതിപ്പിച്ച് കടന്നുകളഞ്ഞതോടെ ഇനി കർഷകരുടെ ആകെയുള്ള പ്രതീക്ഷ തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിലാണ്.

20ന് രാത്രിയോടെയാണ് തിരുവാതിര ഞാറ്റുവേലക്ക് തുടക്കമായത്. എട്ടിന് ആരംഭിച്ച മകയിരം ഞാറ്റുവേലയിൽ മഴ ലഭിക്കുമെന്ന ശുഭ പ്രതീക്ഷയിൽ ജില്ലയിലെ കർഷകർ നടീൽ നടത്താനായി ഒരുങ്ങിയിരുന്നു. എന്നാൽ, പാടങ്ങളിൽ വെള്ളം കൂടേണ്ട വിധത്തിൽ മഴ ലഭിച്ചില്ല. ഇത് കർഷകരെ പ്രതിസന്ധിയിലാക്കി. ഞാറ് മൂപ്പെത്തുന്നതിന് പുറമേ പച്ചിലവളത്തിനായി പാടശേഖരങ്ങളിൽ വിതച്ച ഡെയ്ഞ്ചയും പയറും പൂത്ത് തുടങ്ങിയിട്ടുണ്ട്. മൂപ്പെത്തിയാൽ ഡെയ്ഞ്ചയുടെ തണ്ടുകൾ അഴുകില്ലെന്നാണ് കർഷകർ പറയുന്നത്. പലരും ഞാറ് പാകി ഒരുമാസം പിന്നിട്ടു. ഞാറ് മൂപ്പെത്തിയാൽ അത് വിളവിനേയും സാരമായി ബാധിക്കും. മഴയുടെ കുറവുമൂലം പാടങ്ങളിൽ ഇത്തവണ കളശല്യം രൂക്ഷമാണ്. ഇത് വലിച്ചു കയറ്റാൻ തന്നെ വലിയ തുക വേണം. ഒപ്പം തൊഴിലാളികളെയും കിട്ടാനില്ല. നിലവിൽ കൃഷിവകുപ്പ് അധികൃതർ കളനാശിനി പ്രയോഗം നടത്താൻ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, കളനാശിനി പ്രയോഗിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ പാടത്ത് വെള്ളം കയറ്റണം. ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. ഇതോടെ കളകൾ നശിക്കുമോയെന്ന സംശയവും കർഷകർക്കുണ്ട്. ഇന്നലെ വൈകിട്ട് മുതൽ പലയിടത്തും മഴ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് തുടർന്നാൽ പാടങ്ങളിൽ വെള്ളം കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അന്യസംസ്ഥാന തൊഴിലാളികളെ കിട്ടാത്തതിനാൽ പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ച് വേണം കൃഷിപ്പണികൾ നടത്താൻ. മഴ വൈകുന്നതോടെ എല്ലാ പാടങ്ങളിലും ഒരേ സമയം കൃഷിപ്പണികൾക്കു ആരംഭം കുറിക്കും. ഇത് തൊഴിലാളി ക്ഷാമം രൂക്ഷമാക്കുമോയെന്ന ഭീതിയിലാണ് കർഷകർ.

ഫോട്ടോ ക്യാപ്ഷൻ: മഴ മേഘങ്ങൾ പെയ്യാതെ മടിച്ചു നിൽക്കുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം നിറച്ച് ഞാർ നടുന്ന കാവശ്ശേരി പൂരപ്പറമ്പ് പാടശേഖരം