കെ.ടി.പ്രദീപ്
ചെർപ്പുളശ്ശേരി: ആറുകോടിയുടെ ഭാഗ്യശാലി ആരെന്ന് അറിഞ്ഞിട്ടില്ലെങ്കിലും കൊറോണക്കാലത്ത് തന്നെയും ഭാഗ്യദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തിലാണ് തൂതയിലെ ലോട്ടറി ഏജന്റായ കല്ലാംപറമ്പിൽ സുഭാഷ് ചന്ദ്രബോസ്. സ്വർണ പണിക്കാരനായിരുന്ന സുഭാഷ് എട്ടുവർഷം മുമ്പാണ് ആ ജോലി ഉപേക്ഷിച്ച് തൂത പാലത്തിനു സമീപം തട്ടുകടയും ലോട്ടറി വില്പനയും തുടങ്ങിയത്.
ഇതിനു മുമ്പ് കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനമായ 15 ലക്ഷം രൂപ സഭാഷ് ചന്ദ്രബോസ് വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. നിരവധി ചെറിയ സമ്മാനങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ബംബർ അടിക്കുന്നത്. ചെർപ്പുളശ്ശേരി ശാസ്താ ഏജൻസിയിൽ നിന്നും ജൂൺ 24 നാണ് സമ്മാനാർഹമായ ടിക്കറ്റ് സുഭാഷ് ചന്ദ്ര ബോസ് കൊണ്ടുവന്നത്. അന്നുതന്നെ ടിക്കറ്റ് വിറ്റു പോയിരുന്നുവെന്നാണ് നിഗമനം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തുന്നവരും വാഹനയാത്രക്കാരുമെല്ലാം ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിനാൽ ഭാഗ്യശാലി ആരെന്ന് ഒരു ഊഹവുമില്ല.
സമ്മാനർഹമായ ടിക്കറ്റിന്റെ പത്ത് ശതമാനമാണ് സുഭാഷിന് കമ്മിഷനായി ലഭിക്കുക. അമ്മയും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. നല്ലൊരു വീടു വക്കണമെന്നു മാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം. ആറുകോടിയുടെ ഭാഗ്യശാലിക്കൊപ്പം സമ്മർ ബംബറിന്റെ മധുരം നുകരുകയാണ് സുഭാഷും.