മണ്ണാർക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ താണാവ് മുതൽ നാട്ടുകൽവരെയുള്ള 43 കിലോമീറ്റർ റോഡ് നവീകരണം അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്ന് ദേശീയപാത പാലക്കാട് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എച്ച് ഷെറീഫ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കൽ 90 ശതമാനം പൂർത്തിയായി റോഡ് നിർമാണം അവസാനഘട്ടത്തിലാണ്.
173 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ രണ്ടുവർഷം മുമ്പാണ് ദേശീയ പാത നവീകരണം ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കലിലെ തടസം നീക്കി പ്രവർത്തികൾ പുനരാരംഭിച്ചതും രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങുകയായിരുന്നു. അതിവേഗം നിർമ്മാണം നടക്കേണ്ട മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കൊവിഡ് പ്രതിസന്ധികാരണം ഒരു പ്രവർത്തിയും നടന്നില്ല. ലോക്ക്ഡൗൺ ഇളവ് അനുവദിച്ചെങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയത് തിരിച്ചടിയായി. ഇപ്പോൾ അവശേഷിക്കുന്ന തൊഴിലാളികളെ ഉപയോഗിച്ചാണ് നിർമ്മാണം തുടരുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയസമയത്തും നിർമ്മാണം നിറുത്തി വയ്ക്കേണ്ടിവന്നിരുന്നു.
റോഡിന്റെ വളവ് നിവർത്തൽ, കയറ്റിറക്കങ്ങൾ നിരപ്പാക്കൽ എന്നിവ പൂർത്തിയായി. ടാറിംഗ് പുരോഗമിക്കുകയാണ്. പാലങ്ങളും അതിനോടുചേർന്ന അപ്രോച്ച് റോഡുകളുടെയും പണിയാണ് ഇനിയുള്ളത്. ഒലവക്കോട് താണാവ് മുതൽ മണ്ണാർക്കാട് നാട്ടുകൽവരെ 10 പാലങ്ങളുടെ പണി നടക്കുന്നുണ്ട്. രണ്ട് പാലങ്ങളുടെ പുനർനിർമാണം, രണ്ട് പാലങ്ങളുടെ വീതികൂട്ടൽ, കരിമ്പ തുപ്പനാട് പുഴയ്ക്ക് കുറുകെ പുതിയ മേജർ പാലം, അഞ്ച് ചെറുപാലങ്ങൾ എന്നിവയുടെ നിർമ്മാണമാണ് അതിവേഗം പുരോഗമിക്കുന്നത്. അപ്രോച്ച് റോഡുകളുടെ സ്ഥലമേറ്റെടുപ്പ് പത്ത് ശതമാനമേ ബാക്കിയുള്ളൂ. ഇതും വൈകാതെ പൂർത്തിയാകും.
മഴ ശക്തമായാൽ കനാലുകളിൽ വെള്ളം ഉയരും. പിന്നെ വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കണം. ഇത് ചിലപ്പോൾ ഒക്ടോബർവരെ നീണ്ടുനിൽക്കും. കോഴിക്കോട് ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. മുഴുവൻ പണിയും പൂർത്തിയാക്കി 2021 മാർച്ചിൽ പൂർണ തോതിൽ ഗതാഗതയോഗ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.