പാലക്കാട്: കൂടുതൽ പരിശോധനാ സംവിധാനങ്ങൾ സജ്ജീകരിച്ച് ജില്ലാ ഭരണകൂടം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും പോസിറ്റീവ് കേസുകളുടെ എണ്ണം അടിക്കടി വർദ്ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഇന്നലെ രണ്ട് കുട്ടികൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഉൾപ്പെടെ 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോട ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 237 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 144 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് അതീവ ഗൗരവമുള്ളതാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയ്ക്ക് ആരിൽ നിന്ന് വൈറസ് ബാധയുണ്ടായി എന്നത് കണ്ടെത്തിയിട്ടില്ല. ഇതോടെ ജില്ലയിൽ ഉറവിടം കണ്ടെത്താത്ത കേസുകളുടെ എണ്ണം എട്ടായി. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടാകുന്നത് ആരോഗ്യവകുപ്പിനും തലവേദനയാണ്.
സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 470 പാലക്കാട് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 223 പേർ രോഗമുക്തി നേടി.
നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് പാലക്കാടാണ്. രോഗമുക്തി നേടുന്നവരുടെ കണക്കെടുത്താൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് കുറവാണ്. ഒരാഴ്ചയ്ക്കിടെ 144 പുതിയ കേസുകളുണ്ടായപ്പോൾ. രോഗമുക്തരായത് വെറും 28 പേർ മാത്രം.
രാജ്യം അൺലോക്കിലേക്ക് കടന്നതോടെ നഗരത്തിൽ ഉൾപ്പെടെ ജനത്തിരക്ക് കൂടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലരും ഇടപഴകുന്നത്. ജാഗ്രത കുറയുന്നത് സമ്പർക്കത്തിനും രോഗവ്യാപനം കുത്തനെ കൂടാനും കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും അഭിപ്രായമുണ്ട്.
ജില്ലയിൽ വിവിധ ആശുപത്രികളിലായി 15 പേർ നിരീക്ഷണത്തിൽ
9521 പേർ വീടുകളിലും നിരീക്ഷണത്തിൽ തുടരുന്നു.
ഇതുവരെ 17,550 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതിൽ 16,150 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്നലെ 82 ഫലങ്ങൾ ലഭിച്ചു. പുതുതായി 514 സാമ്പിളുകളും അയച്ചു. ഇനി 1400 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ഇതുവരെ 57460 പേരാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയത്. ഇതിൽ ഇന്നലെ മാത്രം 724 പേർ ക്വാറന്റൈൻ പൂർത്തിയാക്കി.
വല്ലപ്പുഴയിലെ രണ്ടാം വാർഡിനെ ഇന്നലെ കണ്ടെയ്ൻമെന്റ് സോണിൽനിന്നും ഒഴിവാക്കി
പുതിയ രോഗികൾ
കുവൈത്ത് 7: വല്ലപ്പുഴ സ്വദേശി (40, പുരുഷൻ), വിളയൂർ സ്വദേശി (28, സ്ത്രീ), തേങ്കുറിശ്ശി സ്വദേശി (26, പുരുഷൻ), പുതുനഗരം സ്വദേശി (11, പെൺകുട്ടി), നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി (39, പുരുഷൻ), പിരായിരി കുന്നംകുളങ്ങര സ്വദേശി (32, പുരുഷൻ),
പിരായിരി മഹിമ നഗർ സ്വദേശി (25, പുരുഷൻ). ജമ്മുകാശ്മീർ 1: ഒറ്റപ്പാലം സ്വദേശി (36, പുരുഷൻ). യു.എ.ഇ 4: അലനല്ലൂർ സ്വദേശി (31, പുരുഷൻ), കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി (38, പുരുഷൻ), ദുബായിൽ നിന്നും വന്ന കരിമ്പുഴ കരിയോട് സ്വദേശി (35, പുരുഷൻ), മങ്കര മാങ്കുറിശ്ശി സ്വദേശി (48, പുരുഷൻ).
ഡൽഹി1: കുഴൽമന്ദം ചിതലി സ്വദേശി (49, പുരുഷൻ). തമിഴ്‌നാട്6: കല്ലേകുളങ്ങര സ്വദേശി (34, പുരുഷൻ), ചെന്നൈയിൽ നിന്നും വന്ന പിരായിരി വിളയങ്കോട് സ്വദേശി (36, പുരുഷൻ), മാങ്കുറിശ്ശി സ്വദേശി കളായ അമ്മയും (35), മകനും (15), മങ്കര പരിയശേരി സ്വദേശികളായ രണ്ടുപേർ (50, 52 പുരുഷന്മാർ). ഹരിയാന1: ഇരപ്പക്കാട് പിരായിരി സ്വദേശി (29, പുരുഷൻ). ശ്രീലങ്ക1: പത്തിരിപ്പാല സ്വദേശി (35, പുരുഷൻ). സൗദി1: പിരായിരി ഇരപ്പക്കാട് സ്വദേശി (31, പുരുഷൻ).
715 പേർക്കെതിരെ കേസെടുത്തു
ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുമ്പോഴും ജില്ലയിൽ ജാഗ്രത കുറയുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേരാണ് പൊതുയിടങ്ങളിൽ ഇറങ്ങുന്നത്. മാസ്‌ക് ധരിക്കാത്തതിന് ജില്ലയിലാകെ 715 പേർക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 50 പേർക്കെതിരെയും ക്വാറന്റൈൻ ലംഘിച്ചതിന് രണ്ടു കേസുകളും രജിസ്റ്റർ ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.