agri
agri

പാലക്കാട്: തൊഴിലാളിക്ഷാമം കാരണം പൊടിവിത നടത്തിയ പാടങ്ങളിൽ കളപറിക്കാനാകാതെയും ഞാറുപാകിയവർ കർഷകർ നടീൽ നടത്താനാകാതെയും ദുരിതത്തിൽ. കാർഷിക പ്രവർത്തികൾ വൈകുന്നത് ഈ സീസണിൽ വിളവ് കുറയാൻ കാരണമാകുമെന്ന ആശങ്കയിലാണ് പാലക്കാട്ടെ കർഷകർ.

കഴിഞ്ഞ വർഷങ്ങളിൽ ഞാറുനടാനും കളപറിക്കാനും ബംഗാളി തൊഴിലാളികളുണ്ടായിരുന്നതിനാൽ വലിയ ആശ്വാസമായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ഭൂരിഭാഗം അന്യസംസ്ഥാന തൊഴിലാളികളും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയതും തൊഴിലുറപ്പ് ജോലികൾ സജീവമായതുമാണ് തൊഴിലാളിക്ഷാമം രൂക്ഷമാക്കിയത്. ആലത്തൂർ, കുഴൽമന്ദം, കൊടുവായൂർ, മാത്തൂർ, നെന്മാറ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ പ്രതിസന്ധി.

പറിച്ചുനടാൻ കഴിയാത്തതിനാൽ ഞാറുകളെല്ലാം മൂപ്പുകൂടി നശിക്കുകയാണ്. മഞ്ഞളിപ്പും വ്യാപകമാണെന്ന് കർഷകർ പറയുന്നു. പൊടിവിത നടത്തിയ പാടങ്ങളിൽ കളയും പെരുകിയിട്ടുണ്ട്. കള പറിച്ചില്ലെങ്കിൽ വിളവ് ലഭിക്കുക പ്രയാസമാകും.

 സ്ത്രീ തൊഴിലാളി കൂട്ടായ്മ ആശ്വാസമാണ്

തൊഴിലാളി ക്ഷാമത്തെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമായി സ്ത്രീ തൊഴിലാളി കൂട്ടായ്മ രംഗത്ത്. കർഷക മുന്നേറ്റ സംഘത്തിന്റെ നേതൃത്വത്തിൽ കുഴൽമന്ദം, കുത്തനൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് 25 പേർ അടങ്ങുന്ന മൂന്ന് സംഘം സ്ത്രീ തൊഴിലാളികൾ കാർഷിക പ്രവർത്തികൾ ചെയ്യുന്നത്. നടീലാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. കരാർ അടിസ്ഥാനത്തിൽ ഏക്കറിന് 4300 രൂപ നിരക്കിലാണ് പ്രവർത്തനം. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ പ്രവർത്തിച്ചിരുന്ന വീട്ടമ്മമാരും മറ്റ് വിവിധ മേഖലകളിൽ ജോലിചെയ്തിരുന്നവരും സംഘത്തിലുണ്ട്. 75 പേരടങ്ങുന്ന കൂട്ടായ്മയിൽ 45 മുതൽ 60 വയസ് വരെയുള്ളവരുമുണ്ട്.

 അവശ്യക്കാർ ഏറെ

കർഷക സംഘടനകളുടെ വാട്‌സ് ആപ്പ് വഴി സംഘത്തിന്റെ പ്രവർത്തനം അറിഞ്ഞതോടെ പാലക്കാട്, ആലത്തൂർ, ചിറ്റൂർ തുടങ്ങിയ പലഭാഗത്തു നിന്നും കർഷകർ സഹായം ആവശ്യപ്പേടുന്നുണ്ട്. കൊട്ടേക്കാട്, മണ്ണൂർ, പെരുവെമ്പ്, കല്ലേപ്പുള്ളി, വണ്ടാഴി തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങൾ കേന്ദ്രീകരിച്ചാണ് നടീൽ ആരംഭിച്ചിട്ടുള്ളത്. സാധാരണ ഒരേക്കറിന് 6000 രൂപ ചെലവുവരും. നിലവിലെ സാഹചര്യത്തിൽ കൂട്ടായ്മ കർഷകർക്ക് വലിയ ആശ്വാസമാണ്.


സജീഷ് കുത്തനൂർ, കർഷക മുന്നേറ്റ സംഘം ഭാരവാഹി