പാലക്കാട്: ഒറ്റപ്പാലം റവന്യൂ ഡിവിഷൻ പരിധിയിൽ അനധികൃത ഖനനം നടത്തിയ 17 വാഹനങ്ങൾ പിടികൂടി. അമ്പലപ്പാറ, തച്ചനാട്ടുകര, ഓങ്ങല്ലൂർ, വിളയൂർ, കീഴായൂർ, തൃത്താല, തിരുമിറ്റക്കോട് പ്രദേശങ്ങളിൽ നിന്നാണ് ഒറ്റപ്പാലം സബ് കളക്ടർ അർജ്ജുൻപാണ്ഡ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് വാഹനങ്ങൾ പിടികൂടിയത്.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലായി അനധികൃത ക്വാറികൾക്കെതിരെ പത്തോളം കേസുകളും രജിസ്റ്റർ ചെയ്യ്തു. ക്വാറികൾക്കെതിരെ അടിയന്തര നടപടിയെടുക്കാൻ ജിയോളജി വകുപ്പിന് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഓങ്ങല്ലൂരിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽക്വാറിയിൽ നിന്ന് മൂന്ന് ടിപ്പറടക്കം ആറുവണ്ടികളാണ് പിടികൂടിയത്. അമ്പലപ്പാറയിലെ കരിങ്കൽ ക്വാറിയിൽ നിന്ന് ജെ.സി.ബി, പവർ ടില്ലർ, തച്ചനാട്ടുകരയിലെ കരിങ്കൽ ക്വാറിയിൽ നിന്ന് പവർ ടില്ലർ, വിളയൂരിൽ കുന്നിടിച്ച് മണ്ണ് കടത്താൻ ഉപയോഗിച്ച ടിപ്പർ ജെ.സി.ബി, തിരുവേഗപ്പുറയിൽ കല്ല് കടത്തിയിരുന്ന ടിപ്പർ തുടങ്ങിയ വാഹനങ്ങളാണ് പിടികൂടിയത്. തൃത്താല വില്ലേജിലെ പട്ടാമ്പി പാലത്തിന് സമീപം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട കൃഷിസ്ഥലം നികത്തുന്നതിനിടെ ഒരു വാഹനവും പ്രത്യേക സംഘം കണ്ടെടുത്തു. ഇത് പ്രകാരം കപ്പൂരിൽ ആറുകേസുകളും വിളയൂർ, അമ്പലപ്പാറ, ചളവറ, ഓങ്ങല്ലൂർ എന്നിവിടങ്ങളിലെ ഓരോ ക്വാറികൾക്കെതിരെയും കേസെടുത്തു. നിയമനടപടിക്കൊപ്പം പിഴ ഈടക്കുന്നതിനും സ്ബ് കളക്ടർ ജിയോളജി വകുപ്പിന് നിർദ്ദേശം നൽകി.
വിവിധ സ്ഥലങ്ങളിലായി നടന്ന പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ എൻ.ശിവരാമൻ, വില്ലേജ് ഓഫീസർമാരായ കെ.സി.കൃഷ്ണകുമാർ, പി.ആർ.മോഹനൻ, എൻ.എ.ബിജു, ടി.എസ്.അനീഷ്, കെ.ബാലകൃഷ്ണൻ, അബ്ദുറഹിമാൻ പോത്തുകാടൻ, എം.ജി മഞ്ജു, എസ്.അൻഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.