covid
ഗ്രാൻഡ് കെയർ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കൊവിഡ് ബോധവത്കരണ പോ​സ്റ്റ​റു​കളുമായി അ​യ​ൽ​ക്കൂ​ട്ട​ ​അം​ഗ​ങ്ങ​ൾ​ ​​

പാലക്കാട്: ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വൃദ്ധരുടെ ശാരീരിക - മാനസിക ആരോഗ്യം സംരക്ഷിക്കാൻ ബോധവത്കരണ പരിപാടിയുമായി കുടുംബശ്രീ. ഗ്രാൻഡ് കെയർ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേകശ്രദ്ധ ആവശ്യമുള്ള വൃദ്ധർക്ക് അയൽക്കൂട്ടങ്ങൾ വഴി കൊവിഡ് മാർഗനിർദ്ദേശം നൽകുന്നത്.

കുടുംബശ്രീ - അയൽക്കൂട്ടങ്ങളിലൂടെ വൃദ്ധരുടെ ആരോഗ്യ സംരക്ഷണ മാർഗങ്ങൾ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കും. ശേഷം സന്ദേശങ്ങൾ ഓരോ വീടുകളിലേക്കും എത്തിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് നാലോ അഞ്ചോ പേരുടങ്ങുന്ന സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുക. ഓൺലൈൻ വഴിയാണ് അയൽക്കൂട്ടങ്ങൾ ചേരുന്നത്. നിർദ്ദേശങ്ങൾ അയൽക്കൂട്ടം, സി.ഡി.എസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി എല്ലാവരിലേക്കും എത്തിക്കുമെന്ന് അധികൃതർ പറയുന്നു.

 നിർദ്ദേശങ്ങൾ ഇങ്ങനെ

1. കൊവിഡ് സാദ്ധ്യത മുന്നിൽകണ്ട് വൃദ്ധർ വീട്ടിൽ കഴിയണമെന്ന് അവബോധമാണ് പ്രധാനമായും നൽകുന്നത്

2. പനി, ചുമ, തുമ്മൽ തുടങ്ങിയ രോഗങ്ങളുള്ളവർ ഇവരുമായി സമ്പർക്കം പുലർത്തരുത്

3. വൃദ്ധർ ഉപയോഗിക്കുന്ന വസ്തുക്കൾ വൃത്തിയായി സൂക്ഷിക്കുക. വീട് അണുവിമുക്തമാക്കുക, മാനസിക ഉല്ലാസത്തിന് വഴിയൊരുക്കുക, സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

4. പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്. എന്തെങ്കിലും തരത്തിൽ മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ജില്ലയിലെ കുടുംബശ്രീയുടെ സ്‌നേഹിതാ സെന്ററുമായി ബന്ധപ്പെടുക.

 രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഇത്തരം പദ്ധതി ആരംഭിച്ചത്. പ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. നിലവിൽ ചർച്ച ചെയ്ത നിർദ്ദേശങ്ങളടങ്ങുന്ന പോസ്റ്ററുകൾ തയ്യാറാക്കി ഓരോരുത്തരും സ്വന്തം വീടുകളുടെ പരിസരത്തും പൊതുയിടങ്ങളിലും പതിപ്പിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. നിലവിൽ ജില്ലയിലെ 22215 അയൽക്കൂട്ടങ്ങൾ പ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്.
പി.സെയ്തലവി, കുടുംബശ്രീ മിഷൻ, ജില്ലാ കോഓർഡിനേറ്റർ, പാലക്കാട്.