പാലക്കാട്: ഉരുൾപ്പൊട്ടൽ ഭീഷണിനേരിടുന്ന കോട്ടോപ്പാടം പഞ്ചായത്തിലെ കരടിയോട്, അമ്പലപ്പാറ ആദിവാസി കോളനികളിലുള്ളവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പത്ത് കുടുംബങ്ങളുടെ വീട് നിർമ്മാണത്തിന്റെ ഒന്നാംഘട്ടമാണ് ആരംഭിച്ചിരിക്കുന്നത്. പ്രവർത്തികൾ കഴിഞ്ഞദിവസം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ കോളനികളിലെത്തി പരശോധിച്ചു.
2018ലുണ്ടായ ഉരുൾപൊട്ടലിൽ കരടിയോട് കോളനിയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായിരുന്നു. തുടർന്ന് ഈ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും ഇവിടം വാസയോഗ്യമല്ലെന്നും ജയോളജിവകുപ്പിന്റെ പരശോധനയിൽ കണ്ടെത്തിയിരുന്നു. നിലവിൽ ഈ കോളനികളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കണമെന്നും അന്ന് ജയോളജി വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കരടിയോട് പത്ത് കുടുംബങ്ങൾക്ക് ഏഴ് സെന്റ് വീതവും രണ്ട് പേർക്ക് എട്ട് സെന്റും സ്ഥലവും സുരക്ഷിതമായ ഭാഗത്ത് രജിസ്റ്റർ ചെയ്തു നൽകി. പത്ത് കുടുംബങ്ങളുടെ വീട് നിർമാണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു. മൂന്ന് കുടുംബങ്ങൾക്ക് കൂടി വീടിന് തുക അനുവദിക്കാനുണ്ട്. കോളനിയിലെ കുറച്ചുപേർ പഴയ വീടുകളിലും മറ്റുള്ളവർ ഷെഡിലുമാണ് കഴിയുന്നത്. അമ്പലപ്പാറ കോളനിയിലെ രണ്ട് കുടുംബങ്ങൾക്ക് എട്ട് സെന്റ് വീതം നൽകുന്നതിന് സമ്മതപത്രം നൽകിയിട്ടുണ്ട്. കോളനിയിലെ 36 കുടുംബങ്ങൾക്കുള്ള ഭൂമി അവർ തന്നെയാണ് കണ്ടെത്തിയത്. ഇതിന്റെ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്ന് സബ് കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.