പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി മടങ്ങിയതോടെ പല തൊഴിൽ മേഖലകളും മന്ദഗതിയിൽ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 28,021 പേരാണ് തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിലുണ്ടായിരുന്നത്. ഇതിൽ 15,826 പേർ ശ്രമിക് ട്രെയിനുകൾ വഴി മടങ്ങി.
നിലവിൽ 12,195 പേരാണ് ജില്ലയിൽ തുടരുന്നത്. കഞ്ചിക്കോട് വ്യവസായ മേഖല കേന്ദ്രീകരിച്ചാണ് കൂടുതൽ പേരുള്ളത്. 15000 അധികം പേരാണ് ഇവിടെ പണിയെടുത്തിരുന്നത്. അതു കഴിഞ്ഞാൽ ഷൊർണൂർ, പട്ടാമ്പി, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലകൾ കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാനക്കാർ സജീവം. കെട്ടിട നിർമ്മാണം, ഹോട്ടൽ, ക്വാറി, കാർഷികം, മരമില്ല് തുടങ്ങിയവയാണ് പ്രധാന തൊഴിൽ മേഖല.
ഈ മേഖലകളിലെല്ലാം നിലവിലെ പ്രവർത്തനം മന്ദഗതിയിലാണ്. തൊഴിലാളികളുടെ ക്ഷാമം മൂലം പ്രദേശിക തൊഴിലാളികളെ ഉപയോഗിച്ച് ജോലികൾ തുടരാനുള്ള ശ്രമത്തിലാണ് വ്യവസായികൾ.
മടങ്ങിയവരിൽ കൂടുതലും ബീഹാറിലേക്ക്
തൊഴിലാളികളുടെ മടക്കം കഞ്ചിക്കോട് വ്യവസായ മേഖല, കെട്ടിട നിർമ്മാണം, ഹോട്ടൽ, കാർഷികം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളെ ബാധിച്ചു. ബീഹാറിലേക്കാണ് ശ്രമിക് ട്രെയിൻ വഴി കൂടുതൽ തൊഴിലാളികൾ തിരിച്ചുപോയത്. 2500 പേർ. ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചത് ബംഗാളിലേക്കാണ്.
-ജില്ലാ ലേബർ ഓഫീസ്, പാലക്കാട്.
28021- ജില്ലയിൽ ആകെയുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ
15826- മടങ്ങിയവർ
12195- നിലവിലുള്ളവർ
1800- ജില്ലയിലെ ആകെ തൊഴിൽ ക്യാമ്പുകൾ
620- ലോക്ക് ഡൗണിന് മുമ്പ് കഞ്ചിക്കോട് അപ്‌നാ ഘറിൽ താമസിച്ചവർ
380- അപ്‌നാ ഘറിൽ നിലവിലുള്ളവർ