പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച പറളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന്റെ സമ്പർക്കപ്പട്ടികയിൽ 144 പേർ. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ആശാ പ്രവർത്തകർ, കൊവിഡ് വളണ്ടിയർമാർ എന്നിവരുൾപ്പെടെ പട്ടികയിലുണ്ട്.
ഒന്നാം സമ്പർക്ക പട്ടികയിൽ 55 പേരുണ്ട്. ഇതിൽ 25 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. രണ്ടാം സമ്പർക്കപ്പട്ടികയിൽ 89 പേരുണ്ട്.
ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സായ ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. രണ്ടുമാസത്തെ അവധിക്ക് ശേഷം 15നാണ് ജോലിയിൽ പ്രവേശിച്ചത്. 22ന് സ്രവം പരിശോധിച്ചു. 26ന് രോഗം സ്ഥിരീകരിക്കുമ്പോഴും ഇവർ ജോലിയിലായിരുന്നു. 17നും 25നും പറളി സാമൂഹാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ഇവർ കുഞ്ഞുങ്ങൾക്കുള്ള രോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകി.
രോഗപ്രതിരോധ കുത്തിവയ്‌പ്പെടുത്ത പിരായിരിയിലെ 40 കുട്ടികളുടെയും അമ്മമാരുടെയും സ്രവം പരിശോധനയ്ക്ക് എടുക്കും. പറളി സി.എച്ച്.സിയും പരിസരവും കഴിഞ്ഞ ദിവസം ഫയർഫോഴ്‌സ് അണുവിമുക്തമാക്കി. ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലായത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കും. പറളി പഞ്ചായത്ത് ഹോട്ട് സ്‌പോട്ടായതിനാൽ പാലക്കാട്– പൊന്നാനി സംസ്ഥാന പാതയൊഴികെ പ്രധാന റോഡുകളും ഇടറോഡുകളും മങ്കര പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിട്ടുണ്ട്.