പാലക്കാട്: ജില്ലയിൽ ഇന്നലെ നാല് വയസുകാരിക്ക് ഉൾപ്പെടെ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുപേർ രോഗ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 268 ആയി.

കുവൈറ്റിൽ നിന്നെത്തിയ പട്ടിത്തറ സ്വദേശി (34), ചാലിശേരി സ്വദേശി (46), കപ്പൂർ സ്വദേശി (53), കുമരനല്ലൂർ സ്വദേശി (34), നാഗലശേരി പെരിങ്ങോട് സ്വദേശി (44). കുമരനെല്ലൂർ, പെരിങ്ങോട് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിലാണ്. തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുമിറ്റക്കോട് സ്വദേശി (60), നെല്ലായ സ്വദേശികളായ സഹോദരങ്ങൾ (53, 43), യു.എ.ഇയിൽ നിന്നുള്ള മേഴത്തൂർ സ്വദേശി (56), ഉള്ളന്നൂർ സ്വദേശി (32), ആമയൂർ സ്വദേശിയായ നാലുവയസുകാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തിരുമിറ്റക്കോട് സ്വദേശിനി (55) സമ്പർക്കത്തിലൂടെ രോഗബാധയേറ്റതായും അധികൃതർ അറിയിച്ചു. ഖത്തറിൽ നിന്നും വന്ന ഇവരുടെ ഭർത്താവിന് 23ന് രോഗം സ്ഥിരീകരിച്ചിരുന്നു.

നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമേ മൂന്നുപേർ വീതം മഞ്ചേരിയിലും എറണാകുളത്തും ഒരാൾ വീതം തിരുവനന്തപുരത്തും കോഴിക്കോടും ചികിത്സയിലുണ്ട്.